photo

# നിലംപൊത്തുമെന്ന ആശങ്കയിൽ ചേർത്തല തെക്ക് വില്ലേജ് ഓഫീസ്

ചേർത്തല: എല്ലാം കൂടി എപ്പോൾ നിലംപൊത്തുമെന്ന ആശങ്കയിലാണ് ഈ വില്ലേജ് ഓഫീസ് മുറിയിൽ ജീവനക്കാർ ഓരോ പകലും കഴിച്ചുകൂട്ടുന്നത്. 33 വർഷത്തിനിടെ ഒരിക്കൽപ്പോലും വേണ്ടവിധം അറ്റകുറ്റപ്പണി നടത്താത്ത സർക്കാർ ഓഫീസ് എന്ന റെക്കോഡും ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.

മന്ത്രി പി.തിലോത്തമന്റെ 'സ്വന്തം' വില്ലേജ് ഓഫീസായ ചേർത്തല തെക്ക് വില്ലേജ് ഓഫീസിനാണ് ഈ ദുർഗതി. മഴപെയ്താൽ വെള്ളം ഓഫീസിനുള്ളിൽ എത്തുമെന്ന് ഉറപ്പാണ്. ആഭ്യന്തര മന്ത്രിയും ചേർത്തല എം.എൽ.എയുമായിരുന്ന വയലാർ രവി മുൻകൈയെടുത്താണ് 1983ൽ റവന്യു വകുപ്പിനെക്കൊണ്ട് സ്വന്തമായി സ്ഥലം വാങ്ങി ഓഫീസ് മന്ദിരം നിർമ്മിച്ചത്. 1986ൽ ഉദ്ഘാടനവും നടത്തി. ഒന്നാേ രണ്ടോ തവണ പെയിന്റ് ചെയ്തതല്ലാതെ 33 വർഷത്തിനിടെ മറ്റൊരു പുനർനിർമ്മാണവും ഇവിടെ നടത്തിയില്ല.

വില്ലേജ് ഓഫീസറുടെ മുറിയും ജീവനക്കാരുടെ മുറിയും റെക്കോർഡ് റൂമും മേൽക്കൂര വാർത്ത മുറികളാണ്. ഇതിനിടെ, ടിൻഷീറ്റിട്ട് ഒരു ചായ്പും നിർമ്മിച്ചു. ചായ്പ് ഉൾപ്പെടെ ആകെ 500 ചതുരശ്ര മീറ്റർ മാത്രമാണ് വിസ്തീർണം. കെട്ടിടത്തിന്റെ വാർക്കൽ ഭാഗങ്ങൾ പലതും അടർന്ന് നിലംപൊത്തി. മഴയത്ത് വെള്ളം ഭിത്തികളിലൂടെ ഒലിച്ചിറങ്ങി ഓഫീസിനുള്ളിൽ എത്തും. ഇവിടെ സൂക്ഷിച്ചിരിക്കുന്ന പഴയ രേഖകൾ ഉൾപ്പെടെ നശിക്കുന്ന അവസ്ഥയിലാണ്.

ചേർത്തല തെക്ക് പഞ്ചായത്തിന്റെ പടിഞ്ഞാറൻ വാർഡുകൾ ഉൾപ്പെടുത്തി 2015ൽ അർത്തുങ്കൽ വില്ലേജ് രൂപീകരിച്ചിരുന്നു. ചേർത്തല നഗരസഭയിലെ 9 വാർഡുകളും ചേർത്തല തെക്ക് പഞ്ചായത്തിലെ 7 വാർഡുകളും ഉൾപ്പെടുന്നതാണ് ഇപ്പോൾ ചേർത്തല തെക്ക് വില്ലേജിന്റെ പ്രവർത്തന പരിധി.

# കഥയ്ക്കും കാലപ്പഴക്കം

നൂറുവർഷത്തിലധികം പഴക്കമുള്ള വില്ലേജ് ഓഫീസ് പ്രവർത്തനം ആദ്യം അരീപ്പറമ്പ് കുടുംബം വക സ്ഥലത്തെ കെട്ടിടത്തിലാണ് ആരംഭിച്ചത്. ചേർത്തല തെക്ക് സഹകരണ ബാങ്ക് ഈ സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചതോടെ 1966 മുതൽ 1986 വരെ ബാങ്കിന്റെ പേരിലുള്ള കെട്ടിടത്തിൽ വാടകയ്ക്കായി പ്രവർത്തനം. പിന്നീടാണ് സ്വന്തം കെട്ടിടത്തിലേക്കു മാറിയത്. ദിവസേന നിരവധി പേരാണ് ഇവിടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്. പലരും ഭയന്നാണ് ഓഫീസിൽ പ്രവേശിക്കുന്നത്. വാർത്ത ഭാഗങ്ങൾ അടർന്ന് ആളുകളുടെ ദേഹത്തു വീണ സംഭവവും ഉണ്ടായിട്ടുണ്ട്.