ന്യൂഡൽഹി: ട്രെയിനിൽ യാത്ര ചെയ്യവെ കനത്ത ചൂടിൽ നിർജലീകരണം സംഭവിച്ച് തമിഴ്‌നാട് സ്വദേശികളായ നാല് യാത്രക്കാർ മരിച്ചു. ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കേരള എക്സ്‌പ്രസിൽ തിങ്കളാഴ്ചയാണ് സംഭവം. കോയമ്പത്തൂർ സ്വദേശികളും സ്ളീപ്പർ കോച്ചിലെ യാത്രക്കാരുമായ പഞ്ചയ്യ (80), ബാലകൃഷ്ണൻ (67), ധനലക്ഷ്മി (74), സുബ്ബരയ്യ (71) എന്നിവരാണ് മരിച്ചത്. 68 അംഗ തീർത്ഥാടന സംഘത്തിലെ അംഗങ്ങളാണിവർ.
വാരണാസിയും ആഗ്രയും സന്ദർശിച്ച ശേഷമാണ് സംഘം തിങ്കളാഴ്ച ഉച്ചയോടെ ആഗ്രാ സ്റ്റേഷനിൽ നിന്ന് ട്രെയിനിലെ എസ് 8, എസ് 9 സ്ളീപ്പർ കോച്ചുകളിൽ കയറിയത്. ട്രെയിനിനുള്ളിൽ ചൂട് അസഹ്യമായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയോർ ഭാഗത്ത് എത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു. ഒപ്പമുള്ളവർ ടി.ടി.ഇയെ അറിയിച്ചെങ്കിലും പെട്ടെന്ന് വൈദ്യസഹായം നൽകാൻ കഴിഞ്ഞില്ല. ട്രെയിൻ അടുത്ത സ്‌റ്റേഷനായ ഝാൻസിയിൽ എത്തിയപ്പോഴേക്കും മൂന്നുപേർ മരിച്ചിരുന്നു. സുബ്ബരയ്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പോസ്‌റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പ്രത്യേക വാഗണിൽ കോയമ്പത്തൂരിലേക്ക് അയച്ചു. തിങ്കളാഴ്ച ഉത്തരേന്ത്യയിൽ 45 ഡിഗിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു. മുൻ ദിവസങ്ങളിലെ തുടർച്ചയായ യാത്രയും നിർജലീകരണവും മരണത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.