ന്യൂഡൽഹി: കർഷകർക്ക് വർഷം ആറായിരം രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ഭൂപരിധി നോക്കാതെ അർഹരായ എല്ലാകർഷകർക്കും ലഭ്യമാക്കാനാണ് രണ്ടാം മോദി സർക്കാരിൻറ ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്. പദ്ധതി പരിഷ്കരിക്കുന്നതിലൂടെ ആനുകൂല്യം ലഭിക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം 14.5 കോടിയോളമായി ഉയരും.
രണ്ട് ഹെക്ടർവരെ കൃഷിഭൂമിയുള്ള ചെറുകിട, ഇടത്തരം കർഷകർക്കാണ് നേരത്തേ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. ഭൂപരിധി നിബന്ധന ഒഴിവാക്കാനാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതോടെ രണ്ട് കോടിയിലധികം കർഷകർക്ക് കൂടി ആനുകൂല്യങ്ങൾ ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർ, ആദായനികുതി അടയ്ക്കുന്നവർ തുടങ്ങിയ അനർഹരെ സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റമില്ല.
പദ്ധതി വിപുലമാക്കുമെന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ആദ്യമന്ത്രിസഭായോഗം നടപ്പാക്കിയത്. 2019 - 2020 വർഷം ഇതിനായി 87,217.50 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
12 കോടിയോളം ചെറുകിട കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ ഇടക്കാല ബഡ്‌ജറ്റിലാണ് പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം കിസാൻ) പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി 20,000 കോടിയാണ് അന്ന് മാറ്റിവച്ചത്. കർഷകർക്ക് കേന്ദ്രസർക്കാർ പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടാണ് നൽകുന്നത്. 2000 രൂപ വീതം മൂന്നു തവണയായാണ് നൽകുക. 2018 ഡിസംബർ ഒന്നു മുതൽ പ്രാബല്യമുള്ള പദ്ധതിയിൽ മാർച്ച് 31 വരെയുള്ള ആദ്യ ഗഡു ഈ വർഷം തന്നെ നൽകിയിരുന്നു.