സോണിയ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ
ന്യൂഡൽഹി: കോൺഗ്രസിന്റെ സംയുക്ത പാർലമെന്ററി പാർട്ടി നേതാവായി സോണിയ ഗാന്ധിയെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തു. ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവിനെ സോണിയയ്‌ക്ക് തീരുമാനിക്കാം. ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും ആവശ്യപ്പെടാനും പാർലമെന്റ് ഹാളിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി ജനറൽ ബോഡിയോഗം തീരുമാനിച്ചു. ഇവ ലഭിക്കുന്നില്ലെങ്കിൽ ഭരണഘടനാ വിദഗ്ദ്ധരുമായി ആലോചിച്ചശേഷം നിയമനടപടിയിലേക്ക് നീങ്ങാനും നീക്കമുണ്ട്.
യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിന്റെ 52 ലോക്‌സഭാ എം.പിമാരും രാജ്യസഭാംഗങ്ങളും പങ്കെടുത്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സോണിയയുടെ പേര് നിർദ്ദേശിച്ചത്.
പുതിയകക്ഷി നേതാവ് ആര്?
പതിനാറാം ലോക്സഭയിൽ കോൺഗ്രസിനെ നയിച്ച മല്ലികാർജ്ജുന ഖാർഗെ പരാജയപ്പെട്ടതിനാൽ പുതിയകക്ഷി നേതാവ് ആരാകണമെന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ കക്ഷി നേതാവ് ആകണമെന്ന നിർദ്ദേശം എം.പിമാർ മുന്നോട്ടു വച്ചിട്ടുണ്ട്. രാഹുൽ ഇല്ലെങ്കിൽ മുതിർന്ന നേതാക്കളായ കേരളത്തിൽ നിന്നുള്ള ശശിതരൂർ, കൊടിക്കുന്നിൽ സുരേഷ്, പശ്ചിമബംഗാളിലെ അധിർ രഞ്ജൻ ചൗധരി, പഞ്ചാബിലെ മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് ഉയരുന്നത്. ഏഴ് തവണ എം.പിയായ കൊടിക്കുന്നിൽ സുരേഷാണ് സീനിയോറിറ്റിയിൽ മുന്നിൽ.
പ്രതിപക്ഷ നേതാവാകാൻ
10ശതമാനം സീറ്റ് വേണ്ട
പ്രതിപക്ഷ നേതാവാകാൻ ലോക്സഭയിലെ മൊത്തം അംഗങ്ങളുടെ 10 ശതമാനം അംഗങ്ങൾ ഒരു പാർട്ടിക്ക് വേണമെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലെന്നും പല മാദ്ധ്യമങ്ങളും ഇതു സംബന്ധിച്ച് അജ്ഞതയാണ് പ്രചരിപ്പിക്കുന്നതെന്നും ലോക്സഭയുടെ മുൻ സെക്രട്ടറി ജനറൽ പി.ഡി.റ്റി. ആചാരി ചൂണ്ടിക്കാട്ടി. പാർലമെന്റിലെ പ്രതിപക്ഷ നേതാവിന്റെ ശമ്പളവും അലവൻസും സംബന്ധിച്ച നിയമം, 1977ലാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം നിർവചിച്ചിരിക്കുന്നത്. ഇതിൽ പറയുന്നത് സഭയിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാം എന്നാണ്. എന്നാൽ 1950ൽ അന്നത്തെ സ്പീക്കർ സഭയിൽ ഇരിപ്പിടം തരംതിരിച്ച് നൽകുന്നതിന്റെ സൗകര്യം പരിഗണിച്ച് അംഗബലത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടികളായും ഗ്രൂപ്പുകളായും കണക്കാക്കുന്ന വ്യവസ്ഥ ഏർപ്പെടുത്തി. അതനുസരിച്ച് അന്ന് നൽകിയ നിർദ്ദേശത്തിൽ 10 ശതമാനമെങ്കിലും അംഗങ്ങുള്ളവരെ മാത്രമേ പാർട്ടിയായി പരിഗണിക്കൂ എന്നും അതിൽ കുറവുള്ളവരെ ഗ്രൂപ്പുകളായി കണക്കാക്കുമെന്നും പറഞ്ഞിരുന്നു. അതിപ്പോൾ പ്രസക്തമല്ല. പക്ഷേ ഇതാണ് തെറ്റായി പ്രചരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ തവണ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാതിരുന്നത് അവർ രേഖാമൂലം അത് ആവശ്യപ്പെടാത്തതിനാലാണ്. ഇത്തവണ കോടതി വഴി പ്രതിപക്ഷ നേതൃസ്ഥാനം നേടുന്നത് അഭിമാനക്ഷതമാണെന്ന വാദവുമുണ്ട്. ഡൽഹി നിയമസഭയിൽ ബി.ജെ.പിക്ക് 3 എം.എൽ.എ മാർ മാത്രമാണുള്ളത്. ഇതിൽ ഒരാൾക്ക് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ലഭിച്ചു. ഇത്തവണ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാൻ തീരുമാനിച്ച സ്ഥിതിക്ക് അത് പുതിയ സ്പീക്കർ നിരസിച്ചാൽ നിയമവഴി തേടണം എന്ന അഭിപ്രായവും കോൺഗ്രസിലുണ്ട്.