amit-sha-

ന്യൂഡൽഹി:കേന്ദ്രആഭ്യന്തരമന്ത്രിയായി ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും പ്രതിരോധമന്ത്രിയായി രാജ്നാഥ് സിംഗും ചുമതലയേറ്റു. ഉച്ചയോടെയാണ് അമിത് ഷാ നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയത്. ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ,ഐ.ബി ഡയറക്ടർ രാജീവ് ജെയിൻ എന്നിവർ സ്വീകരിച്ചു. സഹമന്ത്രിമാരായ ജി.കിഷൻറെഡ്ഡിയും നിത്യാനന്ദ റായിയും ചുമതലയേറ്റിട്ടുണ്ട്. തന്നിൽ അർപ്പിച്ച വിശ്വാസത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നു. രാജ്യത്തിൻറെ സുരക്ഷയും പൗരന്മാരുടെ ക്ഷേമവുമാണ് മോദി സർക്കാരിൻറെ മുൻഗണന. അത് പൂർത്തിയാക്കാൻ എല്ലാശ്രമങ്ങളും നടത്തും. അമിത് ഷാ ട്വീറ്റ് ചെയ്തു.

ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചശേഷമാണ് രാജ്നാഥ് സിംഗ് പ്രതിരോധമന്ത്രിയായി ചുമതലയേറ്റത്. രാവിലെ ധനമന്ത്രി നിർമ്മലാസീതാരാമനും അമിത്ഷായും രാജ്നാഥിനെ വസതിയിലെത്തി കണ്ടിരുന്നു. വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും ഇന്നലെ ചുമതലയേറ്റെടുത്തു.

 ഷായുടെ ആദ്യതാക്കീത് സഹമന്ത്രിക്ക്

ന്യൂഡൽഹി: ഭീകരരുടെ സുരക്ഷിത താവളമാണ് ഹൈദരാബാദ് എന്ന പരാമർശത്തിന് സഹമന്ത്രിയെ താക്കീത് ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര സഹമന്ത്രിയായ കിഷൻ റെഡ്ഡിയെയാണ് ചുമതലയേറ്റ ദിവസം തന്നെ ഷാ താക്കീത് ചെയ്തത്.

ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ ഉയർന്നു വരികയാണ്. ഭോപ്പാലിലോ ബംഗളൂരുവിലോ ഒരു ഭീകരാക്രമണം അരങ്ങേറിയാൽ അതിന്റെ അന്വേഷണം ചെന്നെത്തുക ഹൈദരാബാദിലാണ്. സംസ്ഥാന പൊലീസും കേന്ദ്ര അന്വേഷണ ഏജൻസിയും രണ്ടും മൂന്നും മാസങ്ങൾ കൂടുമ്പോൾ ഇവിടെനിന്നു നിരവധി ഭീകരരെയാണ് അറസ്റ്റു ചെയ്യുന്നത്"- എന്നാണ് കിഷൻ റെഡ്ഡി വാർത്താ ഏജൻസിയായ എഎൻഐയോട് ശനിയാഴ്ച പറഞ്ഞത്. ഹൈദരാബാദ് ലോക്സഭാ എം.പി അസദുദ്ദീൻ ഉവൈസി വിഷയം ഏറ്റെടുത്തതോടെ പരാമർശം വിവാദമാകുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഏത് അന്വേഷണ ഏജൻസിയാണ് ഹൈദരാബാദ് ഭീകരവാദത്തിനു സുരക്ഷിത ഇടമാണെന്നു പറഞ്ഞിട്ടുള്ളതെന്ന് ഉവൈസി ചോദിച്ചു. ഇത്തരത്തിലുള്ള പരാമർശം തീർത്തും നിരാശാജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു. സെക്കന്ദരാബാദിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് കിഷൻ റെഡ്ഡി.