സ്‌കൂൾ പഠനം15 വർഷം 4 ഘട്ടം
വിദ്യാഭ്യാസ മന്ത്രാലയം വേണം
ന്യൂഡൽഹി: ഭാരതീയ മൂല്യങ്ങളുടെ ആത്മാവ് ഉൾക്കൊണ്ട്, പന്തണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം മൂന്ന് വയസ് മുതൽ 15 വർഷം നീളുന്ന നാല് ഘട്ടങ്ങളായി സമഗ്രമായി പരിഷ്‌കരിക്കാനാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരം ഉറപ്പാക്കാൻ ശൈശവം മുതൽ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധനൽകുന്നതിനുള്ള ശുപാർശകളാണ് ഡോ.കസ്തൂരിരംഗൻ കമ്മിറ്റി കഴിഞ്ഞദിവസം കേന്ദ്രമാനവശേഷി മന്ത്രി രമേശ് പൊഖ്രിയാലിന് സമർപ്പിച്ച കരട് നയത്തിലുള്ളത്. ഇതിൽ ജൂൺ 30 വരെ ജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം. ജൂലായിൽ കരട് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും.
നിലവിൽ പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിന് വേണ്ടത്ര ശ്രദ്ധനൽകിയിട്ടില്ലെന്ന് നയത്തിൽ പറയുന്നു. 2025 ഓടെ 3 മുതൽ 6 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യവും ഉന്നത നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കണം. മൂന്നു വയസു മുതൽ വിദ്യാഭ്യാസം അവകാശമാക്കണം.നിലവിൽ 6 മുതൽ 14വയസു വരെയാണ് വിദ്യാഭ്യാസം അവകാശമാക്കിയിരിക്കുന്നത്. അതിൽ 3 മുതൽ 6 വയസുവരെയുള്ള പ്രീ പ്രൈമറി കൂടി ചേർത്തതാണ് പുതിയ നയം.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യമെന്ന സന്ദേശം നൽകാൻ മാനവ വിഭവശേഷി മന്ത്രാലയത്തിന് വിദ്യാഭ്യാസമന്ത്രാലയം എന്ന പഴയ പേര് വീണ്ടും നൽകണമെന്ന ശ്രദ്ധേയമായ ശുപാർശയും നയത്തിലുണ്ട്.
നിലവിലുള്ള 10+2 സമ്പ്രദായം മാറ്റി 5+3+3+4 എന്ന പുതിയ മാതൃക വരും
പ്രീസ്‌കൂൾ + 1,2
മൂന്നു മുതൽ ആറു വയസുവരെ മൂന്ന് വർഷം പ്രീ സ്‌കൂൾ കാലവും കൂടെ ഒന്ന്, രണ്ട് ക്ലാസുകളും ചേർന്ന ഒന്നാം ഘട്ടം - 5 വർഷം ( 8 വയസുവരെ )
പ്രിപ്പറേറ്ററി സ്റ്റേജ്
3 ാം ക്ലാസ് മുതൽ 5 ാം ക്ലാസ് വരെ രണ്ടാംഘട്ടം - 3 വർഷം ( 8 മുതൽ 11 വയസു വരെ )
മിഡിൽ സ്റ്റേജ്
6 ാം ക്ലാസ് മുതൽ 8ാം ക്ലാസ് വരെ - മൂന്നാംഘട്ടം - 3 വർഷം ( 11 മുതൽ 14 വയസു വരെ )
സെക്കൻഡറി സ്റ്റേജ്
9ാം ക്ലാസ് മുതൽ 12 ാം ക്ലാസ് വരെ നാലാംഘട്ടം - 4 വർഷം ( 14 മുതൽ 18 വയസു വരെ )