ന്യൂഡൽഹി: ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്നും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിൽ പൊതുജനാഭിപ്രായം തേടുകമാത്രമാണ് ചെയ്തതെന്നും കേന്ദ്രമാനവ ശേഷി മന്ത്രി രമേശ് പൊഖ്രിയാൽ പറഞ്ഞു. കരട് മാത്രമാണ് പ്രസിദ്ധീകരിച്ചത്. ഇതാണ് നയമെന്നത് തെറ്റിദ്ധാരണയാണ്. അഭിപ്രായം ലഭിച്ച ശേഷമേ തുടർനടപടികളുണ്ടാകൂ. ഇംഗ്ലീഷ് ഭാഷയോടൊപ്പം ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദിയും ഹിന്ദി സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷയും പഠിപ്പിക്കുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്ന നിർദ്ദേശത്തിൽ പ്രതിഷേധം ഉയർന്നതോടെയാണ് മന്ത്രിയുടെ വിശദീകരണം.
തമിഴ്‌നാട്ടിൽ ഇംഗ്ലീഷ്, തമിഴ് ഭാഷകളാണ് പാഠ്യപദ്ധതിയിലുള്ളത്. 1968 ലെ നവ വിദ്യാഭ്യാസ നയത്തിൽ നിർദ്ദേശിക്കുന്ന ത്രിഭാഷ പദ്ധതി തുടരണമെന്ന നിർദ്ദേശം മാത്രമാണ് കസ്തൂരി രംഗൻ റിപ്പോർട്ടിലുള്ളതെന്നാണ് മന്ത്രാലായത്തിന്റെ വിശദീകരണം.