temperature-rising

ന്യൂഡൽഹി: ഉത്തരേന്ത്യയെ കടുത്ത ചൂടിലാഴ്ത്തിയ ഉഷ്ണതരംഗം തുടരുന്നു. രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം നാലു ദിവസവും ഡൽഹി, യുപി, ചണ്ഡിഗഢ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നലെ കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില മേഖലകളിലും കടുത്ത ഉഷ്ണ തരംഗം അനുഭവപ്പെട്ടു.


ജൂൺ ഒന്നിന് രാജ്യത്തെ കൂടിയ ചൂട് 50 ഡിഗ്രിസെൽഷ്യസ് കടന്നതോടെ പഞ്ചാബ് ഹരിയാന ചണ്ഡീഗഡ്,ഡൽഹി തുടങ്ങിയ ഇടങ്ങളിൽ മൂന്നുദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. സൂര്യാഘാതം മൂലം രണ്ടുപേർ മരിച്ച രാജസ്ഥാനിൽ 26 ജില്ലകളിലും അടുത്ത അഞ്ച് ദിവസംകൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സിക്കർ, ബൻസവാര ജില്ലകളിലാണ് സൂര്യാഘാതമേറ്റ് മരണം റിപ്പോർട്ട് ചെയ്തത്. യു.പിയിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്. ദക്ഷിണേന്ത്യയിലും ചൂട് കൂടിയിട്ടുണ്ട്. തെലങ്കാനയിൽ കഴിഞ്ഞ 22 ദിവസത്തിനിടെ 17 പേർ കടുത്ത ചൂടേറ്റ് മരിച്ചതായാണ് റിപ്പോർട്ട്. ആന്ധ്രപ്രദേശിൽ മൂന്നുപേർ മരിച്ചു.

ഉഷ്ണതരംഗം

താപനില ശരാശരിയിൽ നിന്ന് 4.5 ഡിഗ്രിക്കു മുകളിൽ ഉയരുകയും ദിവസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നത്.

ആഗോളതാപനത്തെ തുടർന്നുണ്ടായ കാലാവസ്ഥാ വ്യതിയാനമാണു ചൂടു കൂടാനുള്ള കാരണം.

വേനൽമഴയുടെ അഭാവം, കാറ്റിന്റെ കുറവ്, കടലിലെ താപനില എന്നിവ ഉഷ്ണതരംഗത്തെ സ്വാധീനിക്കും.

അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് കൂടുന്നതും കോൺക്രീറ്റ് കെട്ടിടങ്ങളുടെയും ടാർ റോഡുകളുടെയും സാമീപ്യവും ചൂടിന്റെ തോത് വർദ്ധിപ്പിക്കും.

മാർച്ച് 25 ആകുമ്പോഴേയ്‌ക്കും സൂര്യന്റെ സ്ഥാനം ഭൂമദ്ധ്യരേഖയ്‌ക്ക് നേരെ മുകളിലാകും. ഏപ്രിലിൽ കേരളത്തിന്റെ മുകളിൽ വരും. അതിനാലാണ് ആ സമയം സംസ്ഥാനത്ത് ചൂട് കൂടുന്നത്. ജൂൺ 21 നുള്ളിൽ സൂര്യന്റെ സ്ഥാനം ഭൂമദ്ധ്യരേഖയിൽ നിന്ന് 22 ഡിഗ്രി മാറി (2500 കിലാേമീറ്റർ) നോർത്തിലെത്തും. ഈ സമയം ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചൂട് കൂടും. ഭൂമിയിലെ വായുവും മുകളിലേക്ക് ക്രമാതീതമായി ഉയരും. കടലിൽ നിന്നുള്ള കാറ്റും മുകളിലേയ്‌ക്കായിരിക്കും. ഈ പ്രതിഭാസത്തിന് ശേഷമാണ് മൺസൂൺ വരിക. അതിനാൽ ഇക്കാലയളവിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക ഉത്തരേന്ത്യയിലായിരിക്കും. അതിന്റെ തോത് മാറി മറിഞ്ഞുവരും.

-ഡോ. മോഹൻകുമാർ, റഡാർ സെന്റർ ഡയറക്‌ടർ, കൊച്ചിൻ യൂണിവേഴ്സിറ്റി.