murali

ന്യൂഡൽഹി: ബി.ജെ.പി നയങ്ങളിൽ യോജിപ്പുള്ള ആർക്കും പാർട്ടിയിലേക്ക് വരാമെന്നും എ.പി. അബ്ദുള്ളക്കുട്ടി താത്പര്യപ്പെട്ടാൽ പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആർക്കും ബി.ജെ.പിയിൽ ചേരുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. അതിന് അബ്ദുള്ളക്കുട്ടി താത്പര്യപ്പെട്ടതായി അറിയില്ല. തന്നെ ബന്ധപ്പെട്ടിട്ടുമില്ല. സംസ്ഥാന അദ്ധ്യക്ഷനെ ബന്ധപ്പെട്ടതായും അറിവില്ല. അബ്ദുള്ളക്കുട്ടിയാണ് തീരുമാനിക്കേണ്ടത്. തങ്ങൾ ആരെയും ക്ഷണിച്ചിട്ടില്ല. നേതാക്കൻമാർക്ക് ബി.ജെ.പിയിൽ ഇഷ്ടംപോലെ സ്‌പേസുണ്ട്.

വികസനപ്രവർത്തനങ്ങളാണ് മോദിക്ക് വോട്ടുചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന യാഥാർത്ഥ്യം തുറന്നുപറഞ്ഞതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കിയത്. മോദിയെ വിലയിരുത്തുന്ന കാര്യത്തിൽ അന്നും ഇന്നും അബ്ദുള്ളക്കുട്ടിക്ക് ഒരേ നിലപാടാണ്. യാഥാർത്ഥ്യം തുറന്നുപറയുന്ന ആളുകളെ പുറത്താക്കുന്നതിലൂടെ തലപൂഴ്‌ത്തിവച്ചാൽ ചുറ്റുമുള്ളതൊന്നും കാണില്ലെന്ന ഒട്ടകപ്പക്ഷിയുടെ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഗുജറാത്തിലെ വികസനം വിശദീകരിച്ചതിന് സി.പി.എം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ കോൺഗ്രസിന് മടിയുണ്ടായിരുന്നില്ല. അന്ന് തെറ്റല്ലായിരുന്നുവെങ്കിൽ ഇന്ന് എങ്ങനെ തെറ്റായെന്നതാണ് മനസിലാക്കാനാവാത്തത്. കേരളത്തിൽ കെട്ടിപ്പൊക്കിയ മോദി വിരുദ്ധ രാഷ്ട്രീയത്തോട് യോജിക്കാത്തവർ കോൺഗ്രസിൽ തന്നെയുണ്ടെന്നുള്ളത് വ്യക്തമാകുകയാണ്. കേരളത്തിൽ ബി.ജെ.പിയുടെ വോട്ടുശതമാനം വർദ്ധിക്കുന്നതിന് കാരണം പല സി.പി.എമ്മുകാരും കോൺഗ്രസുകാരും യാഥാർത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്. അത് കേരളത്തിൽ മുഴുവൻ സംഭവിക്കും. കോൺഗ്രസ് ഗാന്ധിയൻ മാതൃകയാണ് പിന്തുടരുന്നതെങ്കിൽ സത്യത്തെ അറിയാനും മനസിലാക്കാനും തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു.