patnaik-

ന്യൂഡൽഹി: ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ മുൻ ജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിൽ കൂടുതൽ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എ.കെ പട്നായിക്ക് കമ്മിറ്റി തീരുമാനിച്ചതായി റിപ്പോർട്ട്. കൂടുതൽ തെളിവുകൾക്കായി അന്വേഷണം നടത്താൻ സി.ബി.ഐ, ഡൽഹി പൊലീസ്, ഐ.ബി എന്നീ ഏജൻസികൾക്ക് നിർദ്ദേശം നൽകാൻ കമ്മിറ്റി തീരുമാനിച്ചതായി ദി ടെലഗ്രാഫ് പത്രം ആണ് റിപ്പോർട്ട് ചെയ്തത്.

ചീഫ് ജസ്റ്റിസിനെതിരെ കോർപറേറ്റ് ശക്തികളും അസംതൃപ്തരായ മുൻ കോടതി ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെടുന്ന ലോബി നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് മുൻ ജീവനക്കാരിയുടെ ആരോപണം എന്ന അഭിഭാഷകൻ ഉത്സവ് ബെയിൻസിന്റെ വെളിപ്പെടുത്തൽ ആധാരമാക്കിയാണ് ജസ്‌റ്റിസ് എ.കെ. പട്നായിക്ക് കമ്മിറ്റി അന്വേഷണം നടത്തുന്നത്. ഈ ആരോപണം എഴുതി തള്ളാൻ കഴിയില്ല. ലഭ്യമായ തെളിവുകൾ പ്രകാരം കൂടുതൽ അന്വേഷണം ആവശ്യമാണ്. അതേസമയം ഏത് തരം തെളിവാണ് കമ്മിറ്റിക്ക് മുൻപാകെ നിലവിൽ ഉള്ളതെന്ന് വ്യക്തമല്ല. ജൂലായ് രണ്ടാംവാരത്തിനകം കമ്മിറ്റി റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് 22 സുപ്രീംകോടതി ജഡ്ജിമാർക്ക് മുൻ ജീവനക്കാരി ഏപ്രിൽ 19നാണ് കത്ത് നൽകിയത്. ഇത് നിഷേധിച്ച ചീഫ്ജസ്റ്റിസ് ആരോപണങ്ങൾക്ക് പിന്നിൽ വൻ ശക്തികളുണ്ടെന്നും ചീഫ്ജസ്റ്റിസിൻറെ ഓഫീസിനെ നിർജീവമാക്കാനാണ് ശ്രമമെന്നും ആരോപിച്ചിരുന്നു.
മുൻജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളുമായ ആഭ്യന്തര അന്വേഷണ സമിതി മേയിൽ രഞ്ജൻ ഗോഗോയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു.