ന്യൂഡൽഹി: തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായതോടെ ഹിന്ദി ഭാഷ നിർബന്ധമാക്കിയുള്ള കരട് ദേശീയ വിദ്യാഭ്യാസ നയത്തിലെ വിവാദ ത്രിഭാഷ ഫോർമുലയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറി. സെക്ഷൻ 4.5.9ൽ പറയുന്ന മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി എന്നത് മാതൃഭാഷ, ഇംഗ്ലീഷ്, പിന്നെ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന ഒരു ഭാഷ എന്ന് തിരുത്തി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കരട് പുതുക്കി പ്രസിദ്ധീകരിച്ചു.
ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദിയും ഹിന്ദി സംസ്ഥാനങ്ങളിൽ ഏതെങ്കിലും പ്രാദേശികഭാഷയും പഠിപ്പിക്കുന്ന ത്രിഭാഷാപദ്ധതി ചെറിയ ക്ലാസുകൾ മുതൽ നടപ്പാക്കണമെന്നാണ് കസ്തൂരിരംഗൻ സമിതി കരട് റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിൽ ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധമുയർത്തി. പിന്നീട് ഇത് ആന്ധ്ര,കർണാടക,പശ്ചിമബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. കർണാടകയിൽ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും മഹാരാഷ്ട്രയിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറേയും കരട് നയത്തിനെതിരെ രംഗത്തെത്തി. നിർദ്ദേശം അടിച്ചേൽപ്പിക്കരുതെന്ന് സി.പി.എം പി.ബി ആവശ്യപ്പെട്ടു.
ത്രിഭാഷ പഠനത്തിന് കണ്ണടച്ച് വഴങ്ങരുതെന്നും പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളമോ തമിഴോ പഠിപ്പിക്കുന്നില്ലെന്നും കോൺഗ്രസ് എം.പി ശശി തരൂറും ചൂണ്ടിക്കാട്ടി. പ്രതിഷേധം കനത്തതോടെ കേന്ദ്രസർക്കാർ സമ്മർദ്ദത്തിലാവുകയായിരുന്നു.
ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്നും ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് കരട് നയം മാത്രമാണെന്നും പൊതുജനാഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമതീരുമാനമെടുക്കൂവെന്നും കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ വിശദീകരിച്ചു. ഇതിന് പിന്നാലെ ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്ന നിലപാട് ആവർത്തിച്ച് തമിഴ്‌നാട്ടുകാരായ കേന്ദ്രധനമന്ത്രി നിർമല സീതാരാമനും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമിഴിൽ തന്നെ ട്വീറ്റ് ചെയ്ത് രംഗത്തെത്തി.തുടർന്ന് ഇന്നലെ കരടിലെ വിവാദ ഭാഗം തിരുത്തി പ്രസിദ്ധീകരിക്കുകയായിരുന്നു.