ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി മുൻ ചീഫ്ജസ്റ്റിസ് ആർ.എം ലോധയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. സുഹൃത്തും മുൻ സുപ്രീംകോടതി ജഡ്ജുമായ ബി.പി സിംഗിൻറെ ഇ -മെയിൽ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ഡൽഹി മാളവ്യനഗർ പൊലീസ് സ്റ്റേഷനിൽ ജസ്റ്റിസ് ആർ.എം ലോധ നൽകിയ പരാതിയിൽ പറയുന്നു.
പതിവായി ജസ്റ്റിസ് ബി.പി സിംഗുമായി മെയിലിലൂടെ ആശയവിനിമയം നടത്താറുണ്ട്. ഏപ്രിൽ 19ന് , തൻറെ ബന്ധുവിൻറെ ചികിത്സയ്ക്കായി അടിയന്തരമായി ഒരു ലക്ഷം രൂപ വേണമെന്ന് ജസ്റ്റിസ് ബി.പി സിംഗിൻറെ ഇ-മെയിൽ സന്ദേശം വന്നു. സർജൻറെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്നായിരുന്നു നിർദ്ദേശം. സിംഗിനെ വിളിച്ചപ്പോൾ മൊബൈലിൽ കിട്ടിയില്ല. തുടർന്ന് 50,000 രൂപ വച്ച് രണ്ട് തവണയായി ഒരു ലക്ഷം രൂപ മെയിലിൽ പറഞ്ഞ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. തൻറെ മെയിൽ ഹാക്ക് ചെയ്പ്പെട്ടതായി ബി.പി സിംഗ് അറിയിച്ചപ്പോഴാണ് തട്ടിപ്പിനിരയായത് വ്യക്തമായത്. ലോധയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.