ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ രാജസ്ഥാനിലെ നളിൻ ഖണ്ഡേൽവാൽ അഖിലേന്ത്യാ തലത്തിൽ ഒന്നാമതായി. 720ൽ 701 മാർക്കാണ് നേടിയത്. ഡൽഹിയിലെ ഭവിക് ബൻസാലും ഉത്തർപ്രദേശിലെ അക്ഷത് കൗഷികും 700മാർക്കുമായി രണ്ടാംസ്ഥാനം പങ്കിട്ടു. 696 നേടിയ ഹരിയാനയിലെ സ്വാസ്തിക് ഭാട്ടിയ മൂന്നാമതായി. തെലുങ്കാനയിൽ നിന്നുള്ള മാധുരി റെഡ്ഡിയാണ് ആദ്യ പത്തിലുള്ള ഏക പെൺകുട്ടി. ഏഴാം റാങ്ക് നേടിയ മാധുരിക്ക് 695 മാർക്കാണ് ലഭിച്ചത്. ആദ്യ പത്തിൽ കേരളത്തിൽ നിന്നുള്ള ആരും ഇല്ല. അതുൽ മനോജ് 688 ആണ് കേരളത്തിലെ ടോപ്പർ. ദേശീയതലത്തിൽ റാങ്ക് 29. ഹൃദ്യലക്ഷ്മി ബോസ് ആണ് രണ്ടാമത്.687 മാർക്ക്. 31ാം റാങ്ക്. ദേശീയതലത്തിൽ പെൺകുട്ടികളിൽ അഞ്ചാമതാണ്.686 മാർക്കുമായി അശ്വിൻ വി.പി 33 ാം റാങ്ക് നേടി.
ആദ്യത്തെ 50ൽ കേരളത്തിൽ നിന്ന് ഇവർ മൂന്ന് പേർ മാത്രമാണുള്ളത്. പരീക്ഷയെഴുതിയ 1410755ൽ 797042 പേരാണ് യോഗ്യതനേടിയത്. വിജയശതമാനം 56.50. 630283 ആൺകുട്ടികളിൽ 351278 പേർ വിജയിച്ചു. 780467 പെൺകുട്ടികളിൽ 445761 വിജയിച്ചു. അഞ്ച് ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളിൽ മൂന്ന് പേർ യോഗ്യത നേടി. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 110206 ൽ73385 പേർ വിജയിച്ചു. 66.59 വിജയശതമാനം. സി.ബി.എസ്.ഇക്ക് പകരം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആദ്യമായി നടത്തിയ നീറ്റ് പരീക്ഷയാണിത്.