cpm

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം സി.പി.എം നേരിട്ട കനത്ത പരാജയം വിലയിരുത്താനുള്ള സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. തിരിച്ചടി സംബന്ധിച്ച സംസ്ഥാന സമിതികളുടെ റിപ്പോർട്ടിൽ വിശദമായ ചർച്ച നടത്തും. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സ്വീകരിക്കേണ്ട രാഷ്ട്രീയ നടപടികളും ചർച്ചയാകും.

സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്ക് വോട്ട് ചോർച്ചയുണ്ടായതായി കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. കേരളത്തിൽ ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നതും കേന്ദ്രകമ്മിറ്റി പരിശോധിക്കും. പാർട്ടി ശക്തികേന്ദ്രങ്ങളിലടക്കം കനത്ത വോട്ട് ചോർച്ചയുണ്ടായതായി പി.ബി വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ തലത്തിൽ സി.പി.എം കോൺഗ്രസിനൊപ്പം നിന്നത് സംസ്ഥാനത്ത് പാർട്ടിക്കു തിരിച്ചടിയുണ്ടാക്കിയെന്നും ബി.ജെ.പിയെ നേരിടാൻ കോൺഗ്രസാണ് നല്ലതെന്ന ധാരണയുണ്ടാക്കാൻ ദേശീയനയം ഇടയാക്കിയെന്നുമാണ് കേരള ഘടകത്തിന്റെ വിമർശനം. കോൺഗ്രസുമായി ധാരണ ഉണ്ടാക്കാതിരുന്നത് ബംഗാളിൽ വലിയ തിരിച്ചടിയായെന്നാണ് ബംഗാൾ ഘടകത്തിന്റെ വിലയിരുത്തൽ. 9ന് യോഗം സമാപിക്കും.