2

കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി

കോഴിക്കോട് വൈറോളജി ലാബിന് കൂടുതൽ തുക അനുവദിക്കണം

ന്യൂഡൽഹി:സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമായെന്നും ജൂലായ് പകുതി വരെ ജാഗ്രത തുടരണമെന്നും സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധനുമായുള്ള ചർച്ചയ്‌ക്ക് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗബാധ സ്ഥിരീകരിച്ച യുവാവിന്റെ നില മെച്ചപ്പെട്ടു. രോഗബാധ സംശയിച്ച ഏഴ് പേരുടെയും പരിശോധനാ റിപ്പോർട്ടുകൾ നെഗറ്റീവാണ്. യുവാവുമായി അടുത്ത് ഇടപഴകിയ മൂന്ന് നഴ്സുമാർ ഉൾപ്പെടെ 16 പേർ പ്രത്യേക നിരീക്ഷണത്തിലാണ്. വൈറസിന്റെ ഇൻകുബേഷൻ കാലാവധി കണക്കാക്കി ജൂലായ് പകുതി വരെ സംസ്ഥാനത്ത് നിപ്പ ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു.

നിപ്പയുമായി ബന്ധപ്പെട്ട വിഷയങ്ങളും ആരോഗ്യ രംഗത്തെ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.

കോഴിക്കോട്ട് സ്ഥാപിക്കുന്ന അത്യാധുനിക ബയോസേഫ്റ്റി ലെവൽ -3 വൈറോളജി ലാബിന് അനുവദിച്ച മൂന്നുകോടി രൂപ അപര്യാപ്തമാണെന്നും അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ചു കോടി രൂപയടക്കം ഏഴ് കോടി രൂപ വേണമെന്നും കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയെന്ന് ശൈലജ പറഞ്ഞു. എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യവും ഉന്നയിച്ചു. നിപ്പയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്ഥിരമായി വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. സ്ഥിതി മെച്ചപ്പെട്ടതിനാലാണ് കേരള സന്ദർശനം വേണ്ടെന്നു വച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധനും ചർച്ചയിൽ പങ്കെടുത്തു.

സ്‌മൃതി ഇറാനിയുമായും ചർച്ച
ഐ.സി.ഡി.എസ് പദ്ധതി നവീകരിക്കാനും അംഗൻവാടികളെ സ്‌മാർട്ട് പ്രീ സ്‌കൂളുകളാക്കുന്ന മാതൃകാ പദ്ധതി നടപ്പാക്കാനും കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്‌മൃതി ഇറാനിയുമായുള്ള കൂടിക്കാഴ്ചയിൽ മന്ത്രി ശൈലജ ആവശ്യപ്പെട്ടു. അംഗൻവാടി പരിശീലന കേന്ദ്രങ്ങൾക്ക് കേന്ദ്ര ഫണ്ട് ഇനത്തിൽ183.27 ലക്ഷം രൂപ കിട്ടാനുണ്ടെന്ന് ശൈലജ ധരിപ്പിച്ചു. ക്രഷുകളിലെ ജീവനക്കാരുടെ ഓണറേറിയം ക്രഷ് വർക്കേഴ്സിന് 6000 രൂപയായും ഹെൽപ്പർമാർക്ക് 5000 രൂപയായും വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നിരാലംബരായ സ്ത്രീകൾക്കായി ആധുനിക സൗകര്യമുള്ള സായംപ്രഭ ഹോമുകൾ നിർമ്മിക്കാനും കേന്ദ്രസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി പ്രതികരിച്ചു.