rajnath

ന്യൂഡൽഹി: പ്രധാന കാബിനറ്റ് സമിതികളിൽ ഉൾപ്പെടുത്താത്തതിൽ രാജ്നാഥ് സിംഗ് രാജിക്കൊരുങ്ങിയെന്ന വാർത്തകൾ പ്രതിരോധമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. അതേസമയം മന്ത്രിസഭയിലെ രണ്ടാമനെ ചൊല്ലിയുള്ള ആശയക്കുഴപ്പം രണ്ടാം മോദി സർക്കാരിന് തുടക്കത്തിലേ കല്ലുകടിയായി.

നിലവിൽ സാങ്കേതികമായി മോദി സർക്കാരിലെ രണ്ടാമനാണ് രാജ്നാഥ് സിംഗ്. പ്രധാനമന്ത്രിക്ക് തൊട്ടുപിറകെ സത്യപ്രതിജ്ഞ ചെയ്യുന്നയാൾ മന്ത്രിസഭയിലെ രണ്ടാമനായി വരുന്നതാണ് പതിവ്. അമിത് ഷാ മൂന്നാമതായാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ കന്നിക്കാരനാണെങ്കിലും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെ എല്ലാ കാബിനറ്റ് സമിതികളിലും ഉൾപ്പെടുത്തുകയായിരുന്നു. ഒന്നാം മോദിസർക്കാരിലെ എല്ലാ സമിതികളിലും അംഗമായ രാജ്നാഥ് സിംഗിനെ സുരക്ഷാകാര്യസമിതിയിലും സാമ്പത്തിക കാര്യ സമിതിയിലും മാത്രം ഉൾപ്പെടുത്തിയുള്ള ലിസ്റ്റാണ് ആദ്യം പുറത്തുവന്നത്. എന്നാൽ, രാത്രി 10.19 ഓടെ രാഷ്ട്രീയകാര്യം, പാർലമെന്ററികാര്യം, നിക്ഷേപവും വളർച്ചയും, തൊഴിലും നൈപുണ്യ വികസന സമിതികളിൽ കൂടി രാജ്‌നാഥ് സിംഗിനെ ഉൾപ്പെടുത്തി പരിഷ്കരിച്ച പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കുകയായിരുന്നു.