train-massage

ന്യൂഡൽഹി: പുറം കാഴ്‌ചകൾക്കൊപ്പം മസാജിന്റെ അനുഭൂതിയും നുകർന്ന് ട്രെയിൻ യാത്ര ആസ്വദ്യമാക്കാൻ റെയിൽവെ അവസരമൊരുക്കുന്നു. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ നഷ്‌ടം നികത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ ഇൻഡോർ റെയിവെ സ്‌റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 39 ട്രെയിനുകളിൽ ഉടൻ മസാജ് സൗകര്യം ലഭ്യമാകും. അതും ആകർഷകമായ നിരക്കുകളിൽ. ഇൻഡോർ - ഡെറാഡൂൺ, ന്യൂഡൽഹി- ഇൻഡോർ ഇന്റർസിറ്റി, ഇൻഡോർ - അമൃത്സർ ട്രെയിനുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ മസാജിംഗ് നടപ്പിലാക്കുന്നത്. ഈ മാസം അവസാനത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനായുള്ള കരാർ ഒപ്പിട്ടതായും റെയിൽവേ അറിയിച്ചു.

ഒട്ടിപ്പിടിക്കാത്ത എണ്ണ ഉപയോഗിച്ചുള്ള ഗോൾഡ് മസാജിന് നൂറു രൂപ മാത്രമാണ് നിരക്ക്. ഒായിലും ക്രീമും ഉപയോഗിക്കുന്ന ഡയമണ്ട് മസാജിന് 200 രൂപ നൽകണം. കുറച്ചുകൂടി മുന്തിയ പ്ളാറ്റിനം മസാജിന് നിരക്ക് 300രൂപ. പരമാവധി 20 മിനിട്ടു വരെയാണ് സമയം. മസാജ് സൗകര്യം രാവിലെ ആറുമുതൽ രാത്രി പത്തുവരെയാണ് ലഭിക്കുക. മസാജ് സേവനത്തിന് ഒരുട്രെയിനിൽ അഞ്ചു പേരെ വീതം നിയമിക്കും.

മസാജ് സേവനം വഴി പ്രതിവർഷം 20ലക്ഷം രൂപയുടെ വരുമാനം റെയിൽവെ ലക്ഷ്യമിടുന്നു. മസാജ് ഇഷ്‌ടമുള്ള 20,000 ത്തോളം അധിക യാത്രക്കാർ വഴി 90ലക്ഷം രൂപയുടെ ടിക്കറ്റ് വരുമാനവും പ്രതീക്ഷിക്കുന്നു. നഷ്ടം നികത്താൻ റെയിവെ ടിക്കറ്റിനു പുറമെ സാമ്പത്തിക നേട്ടം നൽകുന്ന പദ്ധതികൾ ഏറ്റെടുക്കണമെന്ന് റെയിൽവെയ്‌ക്കുള്ള പാർലമെന്ററി സമിതി ശുപാർശ ചെയ്‌തിരുന്നു.

റെയിൽവേയുടെ ചരിത്രത്തിൽതന്നെ ആദ്യമായാണ്​ ഇങ്ങനെയൊരു പദ്ധതി. വരുമാനം ഇരട്ടിപ്പിക്കാൻ വഴിയു​​ണ്ടെങ്കിൽ പറയൂ എന്ന മന്ത്രാലയത്തി​ന്റെ അഭ്യർത്ഥനക്ക്​ പശ്ചിമ റെയിൽവേക്കു കീഴിലെ രത്​ലം ഡിവിഷനാണ്​ കിടിലൻ ഐഡിയ അവതരിപ്പിച്ചത്​. കേട്ടപാടെ റെയിൽവേ അതു​ നടപ്പാക്കി റെയിൽവേ മാദ്ധ്യമവിഭാഗം ഡയറക്​ടർ രാജേഷ്​ വാജ്​പേയി പറഞ്ഞു.

 പ്രതീക്ഷകൾ വാനോളം

100 രൂപമുതലുള്ള മസാജുകൾ ലഭ്യം

മസാജ് വഴി പ്രതീക്ഷിക്കുന്നത് 20 ലക്ഷം

അധികയാത്രക്കാർ വഴി 90 ലക്ഷം