ന്യൂഡൽഹി:ആയുഷ്‌മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

ആയുഷ്‌മാൻ പദ്ധതിയിൽ കേരളം അംഗമാണ്. 2018 നവംബർ രണ്ടിന് പദ്ധതിയിൽ ചേർന്ന് കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ആദ്യ വിഹിതവും അനുവദിച്ചിട്ടുണ്ട്. സത്യം ഇതായിരിക്കെ പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. കാര്യങ്ങൾ അറിയുമ്പോൾ പ്രധാനമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ആയുഷ്‌മാൻ ഭാരത് അപ്പാടെ നടപ്പാക്കിയാൽ ഭൂരിപക്ഷം ജനങ്ങളും ഇൻഷ്വറൻസ് പരിരക്ഷയിൽ നിന്ന് പുറത്താകുമായിരുന്നു. അതിനാൽ നിലവിലുള്ള എല്ലാ ഇൻഷ്വറൻസ് പദ്ധതികളും ഉൾക്കൊള്ളിച്ച് എല്ലാവർക്കും പരിരക്ഷ ഉറപ്പാക്കിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി എന്ന പേരിൽ ഏപ്രിൽ ഒന്നിന് സംസ്ഥാനത്ത് നടപ്പാക്കിയത്. ചികിത്സാ കാർഡ് വിതരണ ഉൽഘാടനം മാർച്ച് 5ന് മുഖ്യമന്ത്രി നിർവഹിച്ചു. 1.46 ലക്ഷം പേർക്ക് 60 കോടി രൂപയുടെ ചികിത്സ നടത്തി. 17 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആർ.എസ്.ബി.വൈ യിലെ 21.5 ലക്ഷവും ചിസ് പദ്ധതിയിലെ 19.5 ലക്ഷവും ഉൾപ്പെടെ 41 ലക്ഷം കുടുംബങ്ങൾക്കാണ് കേരളത്തിൽ ഇൻഷ്വറൻസ് സംരക്ഷണം നേരത്തെ ലഭിച്ചിരുന്നത്. ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ കേരളത്തിൽ 18.5 ലക്ഷം കുടുംബങ്ങളാണ് 2011ലെ സെൻസസ് അടിസ്ഥാനമാക്കി പരമാവധി ഉൾപ്പെടുമായിരുന്നത്. 22 ലക്ഷത്തോളം പേർ പുറത്താകുന്നത് മറികടക്കാനാണ് സർക്കാർ ശ്രമിച്ചത്. ആരോഗ്യരംഗത്ത് കേരളം മികച്ച പ്രവർത്തനം നടത്തുമ്പോൾ പ്രധാനമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമായെന്നും മന്ത്രി പറഞ്ഞു.