ന്യൂഡൽഹി: വ്യക്തിനിഷ്‌ഠമായ തീരുമാനങ്ങളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിയതെന്ന് കുറ്റപ്പെടുത്തി മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കത്തു നൽകി. പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുവെന്നും മൂന്നു പേജുള്ള കത്തിൽ വി.എസ് വിമർശിക്കുന്നു. ഡൽഹിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റിയിൽ വി.എസ് പങ്കെടുക്കുന്നില്ല.
വസ്‌തുനിഷ്‌ഠമായ നിഗമനങ്ങളെക്കാൾ വ്യക്തി നിഷ്‌ഠമായ തീർപ്പുകളാണ് സംസ്ഥാനത്ത് പാർട്ടി നടപ്പാക്കുന്നത്. നയപരിപാടികളിൽ നിന്ന് പാർട്ടി വ്യതിചലിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തിരിച്ചടിയേറ്റു എന്നത് സത്യസന്ധമായി പരിശോധിക്കണം. തെറ്റുകൾ തിരുത്തണം. പാർട്ടി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും കത്തിൽ പറയുന്നുണ്ട്. അതേസമയം, വി.എസ് കത്ത് നൽകിയതിനെക്കുറിച്ച് ദേശീയ നേതൃത്വം സ്ഥിരീകരണം നൽകിയിട്ടില്ല.
തിരിച്ചുവരവിന് കർമ്മ പദ്ധതി
ലോക്‌സഭയിൽ ഏറ്റ തിരിച്ചടി ചർച്ച ചെയ്യുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തിരിച്ചുവരവിനുള്ള കർമ്മ പദ്ധതിക്ക് രൂപം നൽകുമെന്ന് അറിയുന്നു. അടിസ്ഥാന വർഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാൻ ലക്ഷ്യമിടുന്ന തരത്തിലാകും കർമ്മ പദ്ധതി തയ്യാറാക്കുക. സംഘടനയുടെ ദൗർബല്യങ്ങൾ മറികടക്കാനുള്ള തിരുത്തൽ നടപടികളുണ്ടാകും. കോൺഗ്രസുമായുള്ള സഹകരണം ആശയക്കുഴപ്പം സൃഷ്‌ടിച്ചെന്ന് കേരള, ത്രിപുര ഘടകങ്ങൾ ഇന്നലെ നടന്ന ചർച്ചയിൽ ചൂണ്ടിക്കാട്ടി.
ശബരിമല വിഷയം കൈകാര്യം ചെയ്‌തതിലുള്ള പിഴവും ന്യൂനപക്ഷങ്ങൾക്ക് മുന്നിൽ കൃത്യമായ ബദൽ വയ്‌ക്കാൻ കഴിയാതിരുന്നതും തിരിച്ചടിയായെന്ന് കേരള നേതാക്കൾ പറഞ്ഞു. ബി.ജെ.പി അടക്കമുള്ള പ്രതിയോഗികളെ നേരിടാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്നത് പ്രചാരണത്തെ ബാധിച്ചെന്ന് ബംഗാൾ ഘടകം ചൂണ്ടിക്കാട്ടി. ഇന്നു സമാപിക്കുന്ന യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പത്രസമ്മേളനം നടത്തും.