മുഖ്യമന്ത്രിയും വ്യോമയാന സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി:ഉത്സവ സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനക്കൂലി മൂന്നും നാലും മടങ്ങാക്കി കൂട്ടുന്നത് നിയന്ത്രിക്കാൻ കേന്ദ്ര ഏവിയേഷൻ സെക്രട്ടറി വിമാനക്കമ്പനികളുടെ യോഗം വിളിക്കും. കേരളത്തിലേക്ക് കൂടുതൽ വിമാനസർവീസുകൾ അനുവദിക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ചചെയ്യും.
കേരളഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോളയാണ് ഈ ഉറപ്പ് നൽകിയത്.
സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ സമഗ്ര വികസനത്തിന് ബന്ധപ്പെട്ട ഏജൻസികളുടെ യോഗം ജൂലായ് അവസാനത്തോടെ തിരുവനന്തപുരത്തും ചേരും. കൂടുതൽ എയർ ഇന്ത്യ സർവീസും ബഡ്‌ജറ്റ് ഫ്ളൈറ്റുകളുടെ സർവീസുകളും ലഭിക്കുന്നതിന് ഇടപെടലുണ്ടാകും.
കുത്തനെ ഉയരുന്ന വിമാനയാത്രാ നിരക്കാണ് പ്രവാസികൾ കൂടുതലുള്ള കേരളം നേരിടുന്ന പ്രധാന പ്രശ്നം. ഓണം, ക്രിസ്‌മസ്, ഈദ് തുടങ്ങിയ സീസണുകളിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ നിരക്ക് ക്രമാതീതമായി ഉയരുന്നത് യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കണ്ണൂരിൽ യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായ സർവീസ് ലഭിക്കുന്നില്ല. കൂടുതൽ സർവീസുകൾ അനുവദിക്കുന്നതോടൊപ്പം ഇവിടെ നിന്ന് വിദേശ സർവീസിനും അനുമതി ആവശ്യമാണ്. കൊളംബോ, കോലാലംപൂർ, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്താൻ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും തീരുമാനമുണ്ടാകണം.നിറുത്തലാക്കിയ കോഴിക്കോട് - ഹൈദരാബാദ് സർവീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണം. ഇവിടെ നിന്ന് പുതിയ സർവീസുകൾ ആരംഭിക്കാൻ കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടും നടപടി വേഗത്തിലാകുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ ജപ്പാൻ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ഗുണകരമാകുന്ന തരത്തിൽ തിരുവനന്തപുരത്തു നിന്ന് ജപ്പാനിലേക്ക് നേരിട്ട് സർവീസ് വേണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ, സ്പെഷ്യൽ ഓഫീസർ എ. കെ. വിജയകുമാർ, മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.