ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ അപ്രതീക്ഷിത നേട്ടത്തിന്റെ കരുത്തിൽ സംസ്ഥാന ഭരണം പിടിക്കാൻ ബി.ജെ.പി പദ്ധതി തയാറാക്കുന്നു. 294 അംഗ നിയമസഭയിൽ കുറഞ്ഞത് 250 സീറ്റാണ് ലക്ഷ്യം. 2021ലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിനായി ബൂത്ത് തലം മുതലുള്ള സംഘടനാ അഴിച്ചുപണിക്കൊപ്പം ഒരോ മണ്ഡലത്തിലെയും പ്രധാന വിഷയങ്ങളേറ്റെടുത്ത് ജനങ്ങളിലേക്കിറങ്ങും. സംഘാടനമികവും കഴിവുമുള്ള നേതാക്കളെ താഴേത്തട്ടുമുതൽ ഉയർത്തിക്കൊണ്ടുവരും. ബംഗാളി വികാരമെന്ന തൃണമൂൽ ആയുധത്തെ അതേ രീതിയിൽ നേരിടും. ഒപ്പം വ്യവസായ വളർച്ചയിലൂടെ തൊഴിൽ അവസരങ്ങൾ, പൗരത്വ ബിൽ നടപ്പാക്കൽ തുടങ്ങിയ വാഗ്ദാനങ്ങളും മുന്നോട്ടുവയ്ക്കും. ദേശീയ നേതൃത്വവുമായി ആലോചിച്ചശേഷം അന്തിമ പദ്ധതി ഉടൻ തയാറാക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ രാഷ്ട്രീയചിത്രം തന്നെ മാറിയിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായി ഉയരാൻ ബി.ജെ.പിക്ക് സാധിച്ചതായി നേതൃത്വം വിലയിരുത്തുന്നു. ദീർഘകാലം അധികാരത്തിലുണ്ടായിരുന്ന സി.പി.എം കോൺഗ്രസിനും പിന്നിലേക്ക് പോയി. 2014ൽ 34 സീറ്റുണ്ടായിരുന്ന തൃണമൂലിനെ 22ൽ ഒതുക്കി 18 സീറ്റാണ് ബി.ജെ.പി നേടിയത്.
എ.ബി.സി.ഡി
ലോക്‌സഭയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭാ മണ്ഡലങ്ങളെ എ.ബി.സി.ഡി എന്നിങ്ങനെ തരം തിരിച്ച് ശ്രദ്ധകേന്ദ്രീകരിക്കും. ബി.ജെ.പിക്ക് ലീഡുള്ള 130 സീറ്റുകൾ എ കാറ്റഗറിയിൽ. കുറഞ്ഞ വോട്ടുകൾക്ക് പിന്നിലായ 65 സീറ്റുകൾ ബിയിൽ. രണ്ടാമതെത്തിയെങ്കിലും വലിയ ഭൂരിപക്ഷത്തിന് പിന്നിലായവ സി യിലും മൂന്നാം സ്ഥാനത്ത് എത്തിയ മണ്ഡലങ്ങൾ ഡിയിലും. എ.ബി.സി മണ്ഡലങ്ങൾക്ക് ഏറെ പ്രധാന്യം കൊടുത്തുള്ളപദ്ധതിയാണ് തയാറാക്കുക. മണ്ഡലംതല പ്രശ്നങ്ങളേറ്റെടുത്ത് ജനങ്ങളിലേക്കിറങ്ങും.
സിംഗൂർപോലുള്ള സ്ഥലങ്ങളിൽ തൃണമൂലിനെതിരെ വ്യവസായ മുരടിപ്പ് വിഷയം ഉയർത്തും. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റ വിഷയങ്ങളുള്ള അതിർത്തി മണ്ഡലങ്ങളിൽ പൗരത്വബിൽ നടപ്പാക്കുമെന്ന വാഗ്ദാനം മുന്നോട്ടുവയ്ക്കും.
കഴിവുള്ളവർക്ക് മാത്രം സ്വാഗതം
തൃണമൂലിലെയടക്കം മറ്റ് പാർട്ടികളിലെ എം.എൽ.എമാരെയും മുതിർന്ന നേതാക്കളെയും ബി.ജെ.പിയിലേക്ക് സ്വീകരിക്കുന്നത് തത്കാലം നിറുത്തിവയ്ക്കും. മികച്ച പൊതുജന പിന്തുണയുള്ള, സംഘടനാശേഷിയുള്ള നല്ല നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് നീക്കം. കഴിവും മികച്ച പ്രതിഛായയും ഉള്ള നേതാക്കളെ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂവെന്നാണ് തീരുമാനമെന്ന് ബി.ജെ.പി ദേശീയ നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്കെതിരായ പകപോക്കലിന്റെ പേരിൽ ആരോപണ വിധേയനായ തൃണമൂൽ എം.എൽ.എ മൊനിറുൾ ഇസ്ലാമിനെ പാർട്ടിയിലെടുത്തതിൽ പല ബി.ജെ.പി നേതാക്കൾക്കും അതൃപ്തിയുണ്ടായിരുന്നു. തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവയ്ക്കാൻ മൊനിറുൾ തുനിഞ്ഞത് തിരിച്ചടിയായി.ഈ സാഹചര്യത്തിലാണ് നേതാക്കളുടെ പശ്ചാത്തലം പരിശോധിച്ച് മികച്ചവരെ മാത്രം തിരഞ്ഞെടുക്കാനുള്ള തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 23 സീറ്റുകളാണ് ഞങ്ങൾ ലക്ഷ്യം വച്ചത്. 18 നേടാനായി. ഇപ്പോൾ നിയമസഭയിൽ ലക്ഷ്യം വയ്ക്കുന്നത് 250 സീറ്റ്. അതിനുള്ള തന്ത്രങ്ങളൊരുക്കും.
-കൈലാഷ് വിജയവർഗീയ
ബംഗാളിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി