തിരിച്ചുവരവിന് 11 ഇന പരിപാടികൾ
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ അകന്നുപോയ വിശ്വാസികളെ പാർട്ടിയിലേക്ക് തിരികെ എത്തിക്കാൻ നടപടി സ്വീകരിക്കാൻ കേരളഘടകത്തിന് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശം.
സംഘടനയെ ശക്തിപ്പെടുത്താനും തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനുമുള്ള 2015ലെ കൊൽക്കത്ത പ്ലീന തീരുമാനങ്ങളിൽ ഏതൊക്കെ നടപ്പാക്കിയെന്നുള്ള റിപ്പോർട്ട് സംസ്ഥാന ഘടകങ്ങൾ മൂന്ന് മാസത്തിനകം നൽകണം. ഈ റിപ്പോർട്ട് പരിഗണിച്ച് ആവശ്യമെങ്കിൽ വിപുലീകൃത കേന്ദ്ര കമ്മിറ്റിയോ പ്ലീനമോ വിളിച്ചു ചേർക്കാം.
പാർട്ടി അടിത്തറ ശക്തമാക്കുക, വർഗ ബഹുജന സഘടനകളെ ശക്തിപ്പെടുത്തി ബഹുജന മുന്നേറ്റങ്ങൾ നടത്തുക, ഇടത് ഐക്യം ശക്തിപ്പെടുത്തുക, ബി.ജെ.പിക്കെതിരെ മതേതര കൂട്ടായ്മ തുടങ്ങി തിരിച്ചുവരവിനുള്ള 11 ഇന കർമ്മ പരിപാടിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ ചേർന്ന കേന്ദ്ര കമ്മിറ്റി രൂപം നൽകി. തൊഴിലാളി -കർഷക പിന്തുണ ശക്തിപ്പെടുത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന.
ശബരിമലയിൽ പാർട്ടി സ്വീകരിച്ച നിലപാട് തള്ളിപ്പറയില്ല. സാഹചര്യങ്ങൾ ബോദ്ധ്യപ്പെടുത്തി വിശ്വാസികളുടെ പിന്തുണ കേരളത്തിൽ വീണ്ടെടുക്കണം. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ തന്നെ മാറ്റം പ്രതിഫലിക്കാനുതകുന്ന നടപടികളെടുക്കണം. കൊൽക്കത്ത പ്ലീനം അംഗീകരിച്ച തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച പറ്റി.
തോൽവിയിൽ നിരാശരാവാതെ ബഹുജനാടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ബൂത്തുതലം മുതൽ സ്വയംവിമർശനപരമായ തിരഞ്ഞെടുപ്പ് അവലോകനം നടത്തണമെന്നും കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചു.