ന്യൂഡൽഹി: ജമ്മുവിലെ കത്‌വയിൽ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗത്തിനിരയാക്കിയ ശേഷം കല്ലുകൊണ്ട് തല തകർത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾക്ക് പത്താൻകോട്ട് പ്രത്യേക അതിവേഗ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മൂന്നു പേരെ അഞ്ച് വർഷ തടവിനും ജഡ്ജി തേജ്‌വീന്ദർ സിംഗ് ശിക്ഷിച്ചു. ഒരാളെ വെറുതേവിട്ടു. മറ്റൊരു പ്രതിയുടെ പ്രായത്തെ ചൊല്ലിയുള്ള തർക്കം ജമ്മുകാശ്മീർ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സംഭവത്തിന്റെ സൂത്രധാരനും ഗ്രാമമുഖ്യനും പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ച് പീഡിപ്പിച്ച ക്ഷേത്രത്തിന്റെ മേൽനോട്ടക്കാരനുമായ സാഞ്ജി റാം, സുഹൃത്ത് പർവേഷ്‌കുമാർ, സ്പെഷ്യൽ പൊലീസ് ഓഫീസർ ദീപക് ഖജൂരിയ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സാഞ്ജി റാമിൽ നിന്ന് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് കേസ് ആദ്യം അന്വേഷിച്ച എസ്.ഐ ആനന്ദ് ദത്ത, സ്പെഷ്യൽ പൊലീസ് ഓഫീസർ സുരേന്ദർ വർമ്മ, ഹെഡ് കോൺസ്റ്റബിൾ തിലക്‌രാജ് എന്നിവർക്കാണ് അഞ്ചുവർഷം തടവ്. ഇവർക്ക് 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
സാഞ്ജി റാമിന്റെ മകൻ വിശാലിനെയാണ് തെളിവിന്റെ അഭാവത്തിൽ വെറുതേവിട്ടത്. സംഭവദിവസം യു.പിയിലെ മുസഫർനഗറിലെ കോളേജിൽ പരീക്ഷയെഴുതുകയായിരുന്നു എന്നാണ് വിശാൽ വാദിച്ചത്. സാഞ്ജിറാമിന്റെ അനന്തരവന് പ്രായപൂർത്തിയായിട്ടില്ലെന്ന തർക്കമാണ് ഹൈക്കോടതിയിലുള്ളത്.
വിധിയിൽ തൃപ്തിയില്ലെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. വിധിപ്പകർപ്പ് ലഭിച്ചശേഷം അപ്പീൽ നൽകുന്നത് പരിഗണിക്കുമെന്ന് ഇവരുടെ അഭിഭാഷകർ അറിയിച്ചു.
കൊടുംക്രൂരത ഇങ്ങനെ
2018 ജനുവരി 10നാണ് എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. ഗ്രാമക്ഷേത്രത്തിൽ ദിവസങ്ങളോളം മയക്കിക്കിടത്തി പീഡിപ്പിച്ചും ക്രൂരമായി മർദ്ദിച്ചും കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊല്ലുകയായിരുന്നു. കുതിരകളെ മേയ്ക്കുകയായിരുന്നു കുട്ടി. കാണാതായ കുതിരയെ കണ്ടെത്താൻ സഹായിക്കാമെന്ന വ്യാജേന സാഞ്ജിറാമിന്റെ അനന്തരവൻ സൂത്രത്തിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ തടവിലിട്ട് ബലമായി മയക്കുമരുന്ന് നൽകിയും മറ്റും പ്രതികൾ പലതവണ മാനഭംഗപ്പെടുത്തി. കല്ലുകൊണ്ടിടിച്ച് കൊല്ലും മുമ്പ് ദീപക് ഖജൂരിയ വീണ്ടും മാനഭംഗത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
കൊലയ്ക്ക് കാരണം
പെൺകുട്ടിയുൾപ്പെട്ട ബേക്കർവാൾ മുസ്ളിം നാടോടി സമുദായത്തെ ഗ്രാമത്തിൽ നിന്ന് ഓടിക്കുകയെന്ന ലക്ഷ്യത്തോടെ മുൻ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ സാഞ്ജി റാം ആസൂത്രിതമായി തയ്യാറാക്കിയ പദ്ധതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സുപ്രീംകോടതി ഇടപെടൽ
കത്‌വ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടയാൻ ഒരു കൂട്ടം അഭിഭാഷകർ ശ്രമിച്ചതിനെ തുടർന്ന് സുപ്രീംകോടതി സ്വമേധയാ ഇടപെട്ടാണ് കേസ് പഞ്ചാബ് പത്താൻകോട്ടിലെ അതിവേഗ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. രഹസ്യ വിചാരണയാണ് നടന്നത്. 132 സാക്ഷികളെ വിസ്തരിച്ചു.
പ്രതികൾക്കായി ബി.ജെ.പി മന്ത്രിമാർ
രാഷ്ട്രീയ പകപോക്കലെന്നാരോപിച്ച് പ്രതികൾക്ക് പിന്തുണയുമായി നടന്ന ഹിന്ദു ഏകതാ മഞ്ച് പ്രതിഷേധത്തിൽ അന്നത്തെ പി.ഡി.പി സഖ്യസർക്കാരിലെ ബി.ജെ.പി മന്ത്രിമാരായ ചൗധരിലാൽ സിംഗ്, ചന്ദേർപ്രകാശ് ഗംഗ എന്നിവർ പങ്കെടുത്തത് വിവാദമായിരുന്നു. ഇത് ഇരുപാർട്ടികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാക്കുകയും സഖ്യം പൊളിയുന്നതിനുള്ള കാരണങ്ങളിലൊന്നാവുകയും ചെയ്തു.