ന്യൂഡൽഹി: മൂന്ന് മലയാളികളടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എ.എൻ 32 യാത്രാ വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ അരുണാചൽ പ്രദേശിലെ ലിപോയ്‌ക്കും ടാറ്റോയ്‌ക്കും ഇടയിലെ മലനിരകൾക്കിടയിൽ കണ്ടെത്തി. ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ കരസേനയുടെയും ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സിന്റെയും സഹായത്തോടെ തെരച്ചിൽ തുടരുകയാണെന്ന് വ്യോമസേന അറിയിച്ചു.
വെസ്റ്റ് സിയാംഗ് ജില്ലയിലെ ലിപയ്‌ക്ക് 16 കിലോമീറ്റർ മാറി ഷിയോമി ജില്ലയിലെ ടാറ്റോയ്‌ക്ക് വടക്കു കിഴക്കായി 12000 അടി ഉയരത്തിൽ വ്യോമസേനയുടെ എം.ഐ 17 ഹെലികോപ്‌ടർ നടത്തിയ തെരച്ചിലിലാണ് അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ജൂൺ മൂന്നിന് അസാമിലെ ജോർഹത് വ്യോമതാവളത്തിൽ നിന്ന് അരുണാചൽ പ്രദേശിലെ ഷിയോമിയിലുള്ള മെച്ചൂക്ക അഡ്വാൻസ്ഡ് ലാൻഡിംഗ് ഗ്രൗണ്ടിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്ന് 33 മിനിട്ടുകൾക്ക് ശേഷം ഉച്ചയ്‌ക്ക് 12.27നാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. മലയും കാടും നിറഞ്ഞ ഭൂപ്രദേശത്ത് കനത്ത മഴ കാരണം തെരച്ചിൽ ദുഷ്‌കരമായിരുന്നു.
രണ്ടു ദിവസത്തെ ഇടവേളയ്‌ക്കു ശേഷം തിങ്കളാഴ്ച പുനരാരംഭിച്ച തെരച്ചിലിനിടെയാണ് അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് വ്യോമസേന അഞ്ചു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ സുഖോയ് 30, സി-130 ജെ, എ.എൻ 32 വിമാനങ്ങളും എ.എൽ.എച്ച്, എം.ഐ 17 ഹെലികോപ്ടറുകളും തെരച്ചിലിൽ പങ്കെടുക്കുന്നു.
തൃശൂർ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂർ സ്വദേശി സ്‌ക്വാഡ്രൻ ലീഡർ വിനോദ്, കൊല്ലം അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപറൽ എൻ.കെ. ഷറീൻ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികൾ. 13 പേരിൽ എട്ടുപേർ വിമാന ജീവനക്കാരും അഞ്ചുപേർ യാത്രക്കാരുമാണ്.