ന്യൂഡൽഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ മാദ്ധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ ജാമ്യത്തിൽ വിട്ടയയ്‌ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു.
കനോജിയയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യം ഹനിക്കലുമാണെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ഇന്ദിരാബാനർജി, അജയ് രസ്തോഗി എന്നിവരുൾപ്പെടുന്ന അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇട്ട പോസ്റ്റിന്റെ പേരിൽ ഒരു പൗരന്റെ വ്യക്തി സ്വാതന്ത്ര്യം നിഷേധിക്കുന്നത് കോടതി കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് ബെഞ്ച് അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.
ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകനായ കനോജിയയുടെ അറസ്റ്റിനെതിരെ ഭാര്യ ജഗിഷ അറോറ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് ഉത്തരവ് .
ഒരു ട്വീറ്റിന്റെ പേരിൽ മജിസ്ട്രേട്ട് കോടതി 14 ദിവസത്തോളം കനോജിയയെ റിമാൻഡ് ചെയ്തത് അംഗീകരിക്കാനാകില്ല. ഇതുപോലുള്ള കേസിൽ ഇത്രയും ദിവസം റിമാൻഡ് ചെയ്തത് മുൻപ് കേട്ടിട്ടുണ്ടോ? കനോജിയ കൊലപാതകമാണോ ചെയ്തത്? വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങൾ അലംഘനീയമാണ്. ഈ രാജ്യത്ത് ഒരു ഭരണഘടനയുണ്ട് - ബെഞ്ച് നിരീക്ഷിച്ചു.
''അറസ്റ്റോ ? ഒരു പൗരന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് ലംഘിച്ചത്. ഇത്തരം ട്വീറ്റുകൾ ശരിയല്ലായിരിക്കാം. പക്ഷേ അതിന് അറസ്റ്റാണോ വേണ്ടത്? മൗലികാവകാശങ്ങൾ ഉറപ്പു നൽകുന്ന സ്വാതന്ത്ര്യം പവിത്രമാണ്. ഒരു പൗരനെ 14 ദിവസം കസ്റ്റഡിയിൽ വിട്ടത് അയാളുടെ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ നിഷേധമാണ്. എന്തായാലും കനോജിയയെ ഉടൻ ജാമ്യത്തിൽ വിടണം'' - ജസ്റ്റിസ് ഇന്ദിരാ ബാനർജി യു.പി സർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത്ത് ബാനർജിയോട് നിർദ്ദേശിച്ചു.
കനോജിയയെ മോചിപ്പിക്കുന്നത് അയാളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ അംംഗീകരിക്കുന്നതിന് തുല്യമാകുമെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ വാദിച്ചപ്പോൾ, അത് അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അംഗീകാരമായിരിക്കുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനർജി തിരിച്ചടിച്ചു. കോടതി ഉത്തരവ് കനോജിയയുടെ ട്വീറ്റുകൾക്കുള്ള അംഗീകാരമല്ല. മറിച്ച് അയാളുടെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പരമോന്നത കോടതിയുടെ ഉറച്ച നിലപാടാണെന്നും ബെഞ്ച് ആവർത്തിച്ചു.
രാഷ്ട്രീയക്കാരെ മാത്രമല്ല, ദേവീ ദേവൻമാരെ അധിക്ഷേപിക്കുന്ന കനോജിയയുടെ ട്വീറ്റുകളും ചേർത്താണ് നടപടിയെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു. മഹത്തായ സ്വാതന്ത്ര്യത്തോടൊപ്പം വലിയ ഉത്തരവാദിത്വങ്ങളുമുണ്ട്. പ്രകോപനപരമായ ട്വീറ്റുകളോട് സഹിഷ്ണുത കാട്ടില്ലെന്ന സന്ദേശം നൽകാൻ അറസ്റ്റ് അനിവാര്യമായിരുന്നു -എ.എസ്.ജി ചൂണ്ടിക്കാട്ടി.
ഈ വാദങ്ങളെല്ലാം തള്ളിയ കോടതി, സ്വാതന്ത്ര്യം ഹനിക്കപ്പെട്ടാൽ ഇടപെടുമെന്ന് വ്യക്തമാക്കി. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം മൗലികാവകാശമെന്ന നിലയിൽ പവിത്രവും മാറ്റാൻ പറ്റാത്തതുമാണ്. നടപടി അതിര് കടന്നതിനാലാണ് ഈ ഉത്തരവ്. കേസ് നിയമപരമായി നടക്കട്ടെ. മജിസ്ട്രേട്ടിന് തൃപ്തികരമായ ഉപാധികളോടെ ജാമ്യം നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
എന്താണ് ട്വീറ്റ്
യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും വിവാഹാഭ്യർത്ഥന നടത്തിയെന്നും മാദ്ധ്യമങ്ങളോട് യുവതി പറയുന്ന ദൃശ്യങ്ങൾ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും. സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കൽ പുറത്തുവരികതന്നെ ചെയ്യും യോഗിജിയെന്ന അടിക്കുറിപ്പോടെ കനോജിയ പങ്കുവച്ചിരുന്നു. കേസെടുത്ത യു.പി പൊലീസ് ജൂൺ 8ന് കനോജിയയെ ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കോടതി ജൂൺ 22വരെ റിമാൻഡ് ചെയ്‌തു.
കനോജിയ
ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ പൂർവവിദ്യാർത്ഥി
ദ ഇന്ത്യൻ എക്സ്‌പ്രസ്, ദ വയർ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു