veerendra-kumar

ന്യൂഡൽഹി:മദ്ധ്യപ്രദേശിലെ ടിക്കംഗഡിൽ നിന്നുള്ള ബി.ജെ.പി എം.പി ഡോ.വീരേന്ദ്രകുമാർ പതിനേഴാം ലോക്സഭയിലെ പ്രോട്ടേം സ്പീക്കറാകും. കേന്ദ്രസർക്കാർ വൃത്തങ്ങളാണ് ഇക്കാര്യമറിയിച്ചത്.

65 കാരനായ വീരേന്ദ്രകുമാർ ഏഴാം തവണയാണ് ലോക്സഭയിലെത്തുന്നത്. ജൂൺ 17 മുതൽ 26 വരെയാണ് പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം. എം.പിമാരുടെ സത്യപ്രതിജ്ഞയും പുതിയ സ്പീക്കർ തിരഞ്ഞെടുപ്പുമാണ് പ്രോട്ടേം സ്പീക്കറുടെ ചുമതല. കഴിഞ്ഞ മോദി സർക്കാരിൽ വനിതാശിശുക്ഷേവകുപ്പിലും ന്യൂനപക്ഷകാര്യവകുപ്പിലും സഹമന്ത്രിയായിരുന്നു ഡോ.വീരേന്ദ്രകുമാർ.

സഭയിലെ മുതിർന്ന അംഗം പ്രോട്ടേംസ്പീക്കറാകുന്നതാണ് പതിവ്. എട്ട് തവണ ലോക്സഭാംഗമായ മുൻകേന്ദ്രമന്ത്രി മേനകഗാന്ധി പ്രോട്ടേംസ്പീക്കറാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

പതിനാറാം ലോക്സഭയിലും മദ്ധ്യപ്രദേശിൽ നിന്നുള്ള എം.പി തന്നെയായിരുന്നു ഈ പദവി കൈകാര്യം ചെയ്തത്. ചിന്ദ്‌വാഡയിൽ നിന്ന് ഒൻപത് തവണ വിജയിച്ച കോൺഗ്രസ് നേതാവും ഇപ്പോഴത്തെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥായിരുന്നു പ്രോട്ടേം സ്പീക്കർ.