reservation

ന്യൂഡൽഹി: സർക്കാർ ജോലികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണത്തിന് അർഹമായ ഒ.ബി.സി വിഭാഗങ്ങളെ മൂന്നായി വിഭജിക്കാൻ ഒ.ബി.സി ഉപവിഭാഗങ്ങളെ നിശ്‌ചയിക്കാൻ രൂപീകരിച്ച കമ്മിഷൻ ശുപാർശ ചെയ്‌തേക്കും. ഒ.ബി.സി വിഭജിച്ച് ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്ക് കൂടുതൽ അവസരം ലഭിക്കുമാറ് സംവരണം നടപ്പാക്കാനാണ് കമ്മിഷന്റെ ശുപാർശ എന്നറിയുന്നു. മുൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജി. രോഹിണി അദ്ധ്യക്ഷനായ കമ്മിഷൻ അടുത്ത മാസം ശുപാർശ കേന്ദ്രസർക്കാരിന് സമർപ്പിക്കും.

ഒ.ബി.സി വിഭാഗങ്ങളിൽ സംവരണം ഒട്ടും ലഭിക്കാത്തവർക്ക് 10 ശതമാനം, ഭാഗികമായി സംവരണ ആനുകൂല്യങ്ങൾ ലഭിച്ചവർക്ക് 10 ശതമാനം, പരമാവധി സംവരണ ആനുകൂല്യങ്ങൾ ലഭിച്ചവർക്ക് 7 ശതമാനം എന്ന തോതിൽ വിഭജിക്കാനാണ് നീക്കം. ഒ.ബി.സിയിൽ ഉൾപ്പെട്ട പത്ത് ഉപജാതികൾക്ക് 25 ശതമാനം സംവരണ ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ 983 ഉപജാതികൾക്ക് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും കമ്മിഷൻ കണ്ടെത്തിയെന്ന് അറിയുന്നു. ഒ.ബി.സി വിഭാഗത്തിലെ ഉപജാതികളുടെ ജനസംഖ്യാനുപാതമാണ് സംവരണ ആനുകൂല്യങ്ങൾ പരിശോധിക്കാൻ ഉപയോഗിച്ചത്. ഇതിന് അടിസ്ഥാനമാക്കിയത് 1931ലെ സെൻസസ് കണക്കുകളും. 90 വർഷത്തിനു ശേഷം 2021ലെ സെൻസസിൽ മാത്രമെ ഇനി ഒ.ബി.സി വിഭാഗത്തിന്റെ പ്രത്യേക കണക്കെടുപ്പുണ്ടാകൂ. എന്നാൽ ജനസംഖ്യ ആനുപാതികമാക്കിയുള്ള സംവരണ കണക്കുകൾ കൃത്യമാകാൻ ഇടയില്ലെന്നും കമ്മിഷൻ വിലയിരുത്തുന്നു. കേന്ദ്ര പട്ടികയിലുള്ള ജാതികളുടെ ജനസംഖ്യാ കണക്കുകൾ കൃത്യമല്ലാത്തതാണ് കാരണം. മണ്ഡൽ കമ്മിഷൻ പ്രകാരമുള്ള 27 ശതമാനം ഒ.ബി.സി സംവരണം 1990ലാണ് നിലവിൽ വന്നത്. 2006ൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും അതു ബാധമാക്കി. ഒ.ബി.സി സംവരണം വിഭജിക്കാൻ സർക്കാർ തീരുമാനിച്ചാലും അതു നടപ്പാക്കാൻ പാർലമെന്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള ഭരണഘടനാ ഭേദഗതിയും സംസ്ഥാന നിയമസഭകളുടെ അനുമതിയും ആവശ്യമാണ്. ഒ.ബി.സിയിലെ ഉപവിഭാഗങ്ങളെ കണ്ടെത്താൻ 2017 ഒക്‌ടോബറിലാണ് കമ്മിഷൻ രൂപീകരിച്ചത്.

ആനുകൂല്യങ്ങൾ ലഭിക്കാത്ത ഉപജാതികളും

ടിന്നുകൾ പോളിഷു ചെയ്യുന്ന കളൈഗർ, കത്തിക്ക് മൂർച്ച കൂട്ടുന്ന സിക്ളിഗർ, ശാരണ്യാസ് തുടങ്ങിയ ഉപജാതി വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് കമ്മിഷൻ കണ്ടെത്തി. ആന്ധ്രപ്രദേശിലെ ബുദ്ബുദ്ധിരിസ്, ഗൊസൈനുകൾ തുടങ്ങി പരമ്പരാഗതമായി യാചകവൃത്തിയിൽ ഏർപ്പെടുന്ന വിഭാഗമാണ് മറ്റൊന്ന്. ഈ വിഭാഗത്തിൽ നിന്ന് ഒന്നു രണ്ടു കുട്ടികൾക്ക് ഐ.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം കിട്ടിയതു മാത്രമാണ് ലഭിച്ച ആകെ ആനുകൂല്യം. കണക്കെടുപ്പിനായി ഐ.ഐ.ടി, എയിംസ്, ഐ.ഐ.എം, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൂന്നുവർഷത്തെ 10,000 ത്തോളം ഒ.ബി.സി ക്വോട്ട പ്രവേശന പട്ടികയും കമ്മിഷൻ പരിശോധിച്ചു.