ന്യൂഡൽഹി:അനാരോഗ്യം അലട്ടുന്ന മുൻ ധനമന്ത്രി അരുൺ ജെയ്റ്റലിക്ക് പകരം സാമൂഹ്യനീതി മന്ത്രി താവർചന്ദ് ഗെഹ്‌ലോട്ടിനെ രാജ്യസഭയിലെ നേതാവായി ബി.ജെ.പി പാർലമെൻററി പാർട്ടി യോഗം തീരുമാനിച്ചു. ഉപനേതാവായി റെയിൽവേ മന്ത്രി പിയുഷ് ഗോയലിനെയും നിയമിച്ചു.
മലയാളിയായ കേന്ദ്രസഹമന്ത്രി വി.മുരളീധരൻ രാജ്യസഭയിൽ ഡെപ്യൂട്ടി ചീഫ് വിപ്പാകും.
മദ്ധ്യപ്രദേശിൽ നിന്നുള്ള ഗെഹ്‌ലോട്ട് ബി.ജെ.പിയുടെ ദളിത് മുഖമാണ്. 2014 മുതൽ കേന്ദ്രസാമൂഹ്യനീതി മന്ത്രിയാണ്. 2012ൽ രാജ്യസഭാംഗമായി. 2018ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഗെഹ്‌ലോട്ടിന് 2024 വരെ കാലാവധിയുണ്ട്. 1996 മുതൽ 2009വരെ ഷാജാപുർ മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ നേതാവും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉപനേതാവുമാണ്. പാർലമെൻററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി സർക്കാർ ചീഫ് വിപ്പായി പ്രവർത്തിക്കും.പാർലമെൻററികാര്യ സഹമന്ത്രി അർജ്ജുൻ റാം മേഘ‌്‌വാൾ ലോക്സഭയിൽ ഡെപ്യൂട്ടി ചീഫ് വിപ്പാകും.
പാർട്ടി ചീഫ് വിപ്പായി ലോക്സഭയിൽ സഞ്ജയ് ജയ്സ്വാളിനെയും രാജ്യസഭയിൽ നാരായൺ ലാൽ പഞ്ചാരിയയെയും നിയമിച്ചു. വിവിധ സംസ്ഥാനങ്ങൾക്കായി മൂന്ന് വനിതകൾ ഉൾപ്പടെ 18 പേരെ ലോക്‌സഭയിലെ വിപ്പുമാരായും തീരുമാനിച്ചിട്ടുണ്ട്.
ലോക്സഭയിൽ നിന്ന് കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, രവിശങ്കർ പ്രസാദ്, അർജുൻ മുണ്ട, നരേന്ദ്രസിംഗ് തോമർ, സ്മൃതി ഇറാനി എന്നിവർക്കൊപ്പം മുൻകേന്ദ്രമന്ത്രി ജുവൽ ഓറവും എക്സിക്യുട്ടിവിൽ പ്രത്യേക ക്ഷണിതാവാണ്. രാജ്യസഭയിൽനിന്ന് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, നിർമ്മലാ സീതാരാമൻ, ധർമ്മേന്ദ്ര പ്രധാൻ, പ്രകാശ് ജാവദേക്കർ,ബി.ജെ.പി ദേശീയവൈസ് പ്രസിഡൻറ് ഓം പ്രകാശ് മാത്തൂർ എന്നിവർ പ്രത്യേക ക്ഷണിതാക്കളാണ്. ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയക്കാണ് പാർലമെന്ററി പാർട്ടി ഓഫീസിന്റെ ചുമതല. ബാലസുബ്രഹ്മണ്യം കമർസുവാണ് സെക്രട്ടറി.
പാർലമെന്റ് സമ്മേളനത്തിന് മുൻപായി ഈ മാസം 16ന് എക്സിക്യുട്ടീവിന്റെ ആദ്യ യോഗം ചേരും. അന്ന് സർവ്വക്ഷി യോഗവും വിളിച്ചിട്ടുണ്ട്.