presidential-rule

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ രാഷ്‌ട്രപതി ഭരണം ആറുമാസത്തേക്കു നീട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ സമ്പൂർണ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ജമ്മു അതിർത്തി നിവാസികൾക്ക് സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഉറപ്പു നൽകുന്ന ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നൽകി. മുത്തലാഖ് അടക്കം ഒാർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ 17ന് തുടങ്ങുന്ന 17-ാം ലോക്‌സഭയുടെ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് യോഗ തീരുമാനങ്ങൾ അറിയിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

ജൂലായ് മൂന്നു മുതൽ ആറുമാസത്തേക്കാണ് ജമ്മുവിൽ രാഷ്‌ട്രപതി ഭരണം നീട്ടിയത്. ഇതു സംബന്ധിച്ച പ്രമേയം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. നിലവിൽ രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി ജൂലായ് രണ്ടുവരെയാണ്. രാഷ്‌ട്രപതി ഭരണം നീട്ടാൻ ഗവർണർ ശുപാർശ ചെയ്‌തിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും ചർച്ച ചെയ്‌തുവെന്നും പ്രകാശ് ജാവദേക്കർ അറിയിച്ചു. ആറുമാസത്തിനുള്ളിൽ സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികൾ പരിഗണിച്ച ശേഷം നിയസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ ജൂണിൽ പി.ഡി.പി-ബി.ജെ.പി സംഖ്യം പരാജയപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ആദ്യം ഗവർണർ ഭരണവും ഡിസംബർ മുതൽ രാഷ്‌ട്രപതി ഭരണവും നിലവിൽ വന്നിരുന്നു.

മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ ജമ്മു കാശ്‌മീർ സംവരണ ബിൽ ജമ്മുകാശ്‌മീർ അന്താരാഷ്‌ട്ര അതിർത്തിയിൽ താമസിക്കുന്നവർക്ക് സർക്കാർ ജോലിയിലും സ്ഥാനക്കയറ്റത്തിലും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനും സംവരണം ഉറപ്പു നൽകുന്നതാണ്. മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ബില്ലിനും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടിക ജാതി, പട്ടിക വർഗ, സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്കും(എസ്.ഇ.ബി.എൽ) അദ്ധ്യാപക തസ്തികകളിൽ സംവരണം ഉറപ്പു നൽകുന്ന കേന്ദ്ര വിദ്യാഭ്യാസ അദ്ധ്യാപക തസ്‌തിക സംവരണ ബില്ലിനും ആധാർ ബിൽ, മെഡിക്കൽ കൗൺസിൽ ബിൽ, ഹോമിയോപതി കേന്ദ്ര കൗൺസിൽ ബിൽ, ദന്തൽ കൗൺസിൽ ബിൽ തുടങ്ങിയവയ്‌ക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിലുള്ള ഒാർഡിനൻസിന് പകരമുള്ള ബില്ലുകളാണിത്. രാജ്യത്ത് 50 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങാനും യോഗം അനുമതി നൽകി.