amit-sha

ന്യൂഡൽഹി: പാർട്ടി പുന:സംഘടന പൂർത്തിയാകുന്ന ഡിസംബർ വരെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരാൻ സാദ്ധ്യത. പുന:സംഘടനയ്‌ക്കു മുന്നോടിയായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം മോശമായ കേരളം അടക്കം സംസ്ഥാനങ്ങളെ പ്രത്യേകം ലക്ഷ്യമിട്ട് അംഗത്വ വിതരണ പ്രചാരണം തുടങ്ങാനും ബി.ജെ.പി തീരുമാനിച്ചു. ജെ.പി. നദ്ദയെ പോലുള്ള മുതിർന്ന നേതാക്കളിൽ ആരെയെങ്കിലും വർക്കിംഗ് പ്രസിഡന്റ് ആയി നിയമിക്കാനുള്ള സാദ്ധ്യതയുമുണ്ട്. എങ്കിലും ഉടൻ നടക്കുന്ന മഹാരാഷ്‌ട്ര, ഹരിയാന, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രകടനം നിർണായകമായതിനാൽ പുന:സംഘടനാ പ്രക്രിയ പൂർത്തിയാകുന്നതുവരെ അമിത് ഷാ തന്നെ നയിക്കാനാണ് സാദ്ധ്യത.

 അംഗത്വ വിതരണ പ്രചാരണം ജൂലായ് മുതൽ

പുന:സംഘടനയുടെ ഭാഗമായി ജൂലായ് 7 മുതൽ ജനുവരി 31 വരെ എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി അംഗത്വ വിതരണ പ്രചാരണം നടത്തും. പ്രചരണത്തിന് മേൽനോട്ടം വഹിക്കാൻ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ അദ്ധ്യക്ഷനായ സമിതിക്ക് രൂപം നൽകി. ദുഷ്യന്ത് ഗൗതം, സുരേഷ് പൂജാരി, അരുൺ ചതുർവേദി എന്നിവരും കേരളത്തിൽ നിന്ന് ശോഭാ സുരേന്ദ്രനും സഹകൺവീനർമാരാണ്.

ഡൽഹിയിൽ സംസ്ഥാന അദ്ധ്യക്ഷൻമാരുടെയും സംഘടനാ സെക്രട്ടറിമാരുടെയും യോഗത്തിൽ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് അംഗത്വം വർദ്ധിപ്പിച്ച് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പദ്ധതി അവതരിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 303 സീറ്റു നേടിയത് പരമാവധി ലക്ഷ്യമല്ലെന്നും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തി തെളിയിക്കാനും ഷാ ആഹ്വാനം ചെയ്‌തു. കേരളത്തിൽ നിന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി. എസ്. ശ്രീധരൻ പിള്ള, ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസ്, സംഘടനാ സെക്രട്ടറിമാരായ എം. ഗണേശൻ, കെ. സുഭാഷ് എന്നിവരും പങ്കെടുത്തു. സംഘടനാ സെക്രട്ടറിമാരുടെ യോഗം ഇന്നും തുടരും.