ന്യൂഡൽഹി: ജെ.എൻ.യുവിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള ഓൺലൈൻ പ്രവേശന പരീക്ഷയിലെ ചോദ്യങ്ങൾ നിലവാരമില്ലാത്ത വെബ‌്സൈറ്റുകളിൽനിന്ന‌് പകർത്തിയതാണെന്ന‌് ആരോപണവുമായി ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ രംഗത്ത്. ഭാഷാശാസ‌്ത്ര പഠന വിഭാഗത്തിലെ എം.എ, എംഫിൽ കോഴ‌്സുകൾക്കുള്ള പ്രവേശന പരീക്ഷയിലെ ചോദ്യങ്ങൾ 2015ലെ യു.ജി.സി–-നെറ്റ‌് പരീക്ഷയിലെ ഭാഷാശാസ‌്ത്രം ഒന്നും രണ്ടും പേപ്പറിനായുള്ള ആർ.ഗുപ‌്തയുടെ ഗൈഡിൽ നിന്ന് പകർത്തിയതാണെന്ന് പ്രസിഡന്റ‌് എൻ.സായ‌് ബാലാജിയും ജനറൽ സെക്രട്ടറി ഐജാസ‌് അഹമ്മദ‌് റാത്തറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗൈഡിൽ തെറ്റായി രേഖപ്പെടുത്തിയ ഉത്തരങ്ങൾ ജെ.എൻ.യുവിലെ പ്രവേശന പരീക്ഷയുടെ ഉത്തര സൂചികയിലും തെറ്റാണ‌്. നിലവാരമില്ലാത്ത ചോദ്യങ്ങളുമായി പരീക്ഷ നടത്തി പ്രവേശന നടപടി അട്ടിമറിച്ച വൈസ‌് ചാൻസലർ ജഗദീഷ‌് കുമാർ രാജിവെക്കണമെന്നും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വിദ്യാർത്ഥി യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.