bengaldoctorsstrike

പ്രശ്നം പരിഹരിക്കണമെന്ന് മമതയോട് ഹൈക്കോടതിയും കേന്ദ്രവും

ന്യൂഡൽഹി: കൊൽക്കത്ത എൻ.ആർ.എസ‌് ആശുപത്രിയിൽ മരിച്ച രോഗിയുടെ ബന്ധുക്കൾ ഡോക‌്ടർമാരെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന‌് ബംഗാളിൽ പൊട്ടിപ്പുറപ്പെട്ട ഡോക‌്ടർമാരുടെ സമരം രാജ്യവ്യാപകമായി പടർന്നുപിടിക്കുന്നു. ബംഗാളിലെ പൊതു ആരോഗ്യ മേഖല നിശ്ചമായി. നിരവധി ആശുപത്രികൾ സ്‌തംഭിച്ചു. 300 സർക്കാർ ഡോക്ടർമാർ രാജിവച്ചു.

നിരവധി സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് ഡോക്ടർമാർ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്നലെ മുതൽ നാല് ദിവസത്തെ ദേശീയ പ്രതിഷേധവും 17ന് ഡോക്ടർമാരുടെ 24 മണിക്കൂർ ദേശീയ പണിമുടക്കും പ്രഖ്യാപിച്ചു. എമർജൻസിയും കാഷ്വാലിറ്റിയും ഒഴികെ സ്തംഭിപ്പിക്കുന്ന സമരം രാവിലെ ആറിന് തുടങ്ങും. ഒ.പികളിൽ നിന്ന് വിട്ടുനിൽക്കും. കറുത്ത ബാഡ്ജുകൾ ധരിച്ച് മാർച്ചും ധർണയും സംഘടിപ്പിക്കും.

പ്രശ്നം പരിഹരിക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ ബംഗാൾ മുഖ്യമന്ത്രി മമതബാനർജിക്ക് കത്ത് നൽകി.

ഡൽഹി, ഋഷികേശ്, ഭോപ്പാൽ, ഭുവനേശ്വർ എയിംസുകളിലും ഇന്നലെ ഡോക്ടർമാർ പ്രതിഷേധിക്കുകയും ജൂനിയർ ഡോക്ടർമാർ ജോലി ബഹിഷ്‌കരിക്കുകയും ചെയ്‌തു.ഡൽഹി എയിംസിൽ ആയിരത്തോളം ഡോക്ടമാർ പണിമുടക്കി. ഒ.പി മുടങ്ങി. അടിയന്തര ശസ്‌ത്രക്രിയകൾ മാത്രമാണ് നടന്നത്. പ്ലക്കാർഡുകൾ ഉയർത്തിയും ബാൻഡ് അണിഞ്ഞുമാണ് ഡോക്ടർമാർ ഡ്യൂട്ടിയെടുത്തത്. ലാബുകളും പരിശോധനകളും തടസപ്പെട്ടു. നഴ്സുമാരും പിന്തുണ നൽകി. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും ഡോക്ടർമാർ ജോലിബഹിഷ്‌കരിച്ചു.

യു.പി, പഞ്ചാബ്, ഗോവ,ഗുജറാത്ത്, മഹാരാഷ്ട്ര,രാജസ്ഥാൻ, തെലങ്കാന,​ കേരളം,​ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധിച്ചു. മുംബയ്,​ ബംഗളുരു,​ ഹൈദരാബാദ് തുടങ്ങിയ വൻ നഗരങ്ങളിലും ആശുപത്രികൾ സ്‌തംഭിച്ചു.

കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാർത്ഥിയായ മമത ബാനർജിയുടെ അനന്തരവൻ അഭേഷ് ബാനർജിയും പ്രതിഷേധത്തിൽ പങ്കെടുത്തു.

സമരം അവസാനിപ്പിക്കാൻ മമത നിരുപാധികം മാപ്പ് പറയണമെന്നതുൾപ്പെടെ ആറ് ഉപാധികളാണ് ബംഗാളിലെ ഡോക്ടർമാർ ഉന്നയിച്ചിട്ടുള്ളത്. മമത മാപ്പുപറയണെന്ന് സംവിധായിക അപർണ സെൻ ആവശ്യപ്പെട്ടു. ഡോക്ടർമാർക്കെരെയുള്ള ആക്രമം ചെറുക്കാൻ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി മോദിയോടും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെടാൻ ഐ. എം. എ തീരുമാനിച്ചു.

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. സമാനമായ ഹർജിയിൽ ഇടക്കാല ഉത്തരവിറക്കാൻ വിസമ്മതിച്ച കൊൽക്കത്ത ഹൈക്കോടതി പ്രശ്നം പരിഹരിക്കണമെന്ന് മമതാ സർക്കാരിനോട് നിർദ്ദേശിച്ചു. നടപടികൾ കോടതിയെ അറിയിക്കാൻ ഏഴുദിവസവും അനുവദിച്ചു.

വിനയായത് മമതയുടെ അന്ത്യശാസനം

അക്രമികൾക്കെതിരെ നടപടിയും സുരക്ഷയും ആവശ്യപ്പെട്ടാണ‌് ജൂനിയർ ഡോക‌്ടർമാർ സമരം തുടങ്ങിയത‌്. മുഖ്യമന്ത്രി മമത ബാനർജി , നാല‌് മണിക്കൂറിനുള്ളിൽ പണിമുടക്ക‌് അവസാനിപ്പിച്ച‌് ജോലിയിൽ കയറിയില്ലെങ്കിൽ സമരക്കാർക്കെതിരെ നടപടി എടുക്കുമെന്ന‌് ഭീഷണിപ്പെടുത്തി. ഇതോടെയാണ‌് സമരം ശക്തമായത്.

പുറത്തുനിന്നുള്ളവർ ഡോക്ടർമാരെ ഇളക്കിവിടുകയാണ്. മമത ബാനർജി, (മുഖ്യമന്ത്രി)

" പ്രതിസന്ധിക്ക് കാരണം മമതാബാനർജി സർക്കാരിന്റെ കടും പിടുത്തമാണ്.മുഖ്യമന്ത്രി ഇത് അഭിമാനപ്രശ്നമായി കാണരുത്. ''

ഹർഷവർദ്ധൻ( കേന്ദ്ര ആരോഗ്യമന്ത്രി)