cm-pm-meet

 അംഗീകരിക്കുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും അനുഭവ സമ്പത്തുള്ള സംസ്ഥാന സർക്കാരിനെ പരിഗണിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ പ്രധാനമന്ത്രി അംഗീകരിച്ചെന്നും ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിന്നീട് അറിയിച്ചു.

എയിംസ് അനുവദിക്കുക, വ്യവസായിക ഇടനാഴി കൊച്ചിയിലേക്ക് നീട്ടുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.

ഡൽഹിയിൽ നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഇന്നലെ രാവിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ധരിപ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കുമെന്ന് 2003ൽ കേന്ദ്ര വ്യോമയാന സെക്രട്ടറി നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിന് വിമാത്താവള നടത്തിപ്പിൽ പരിചയമില്ല. അതേസമയം കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ നടത്തിപ്പിൽ പരിചയമുള്ള സംസ്ഥാന സർക്കാരിന് ഐക്യരാഷ്‌ട്ര സഭയുടേതടക്കം അംഗീകാരം ലഭിച്ചിട്ടുണ്ട്.

പരിഗണന ലഭിക്കുമെന്ന ഉറപ്പിൻമേലാണ് സർക്കാർ ലേല നടപടികളിൽ പങ്കെടുത്തത്. ഫസ്‌റ്റ് റെഫ്യൂസൽ ധാരണയും നടപ്പായില്ല. വിമാനത്താവളം സ്ഥിതിചെയ്യുന്ന 635 ഏക്കർ തിരുവിതാംകൂർ മഹാരാജാവും സംസ്ഥാന സർക്കാരും നൽകിയ ഭൂമിയാണ്. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സൗജന്യമായി നൽകിയ ഭൂമിയുമുണ്ട്. ഈ പശ്‌ചാത്തലത്തിൽ സ്വകാര്യ കമ്പനിക്ക് നടത്തിപ്പ് കൈമാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

വ്യോമയാന വകുപ്പിൽ നിന്ന് വിശദാംശങ്ങൾ തേടുമെന്നും ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിൽ കേരളം സൃഷ്‌ടിച്ച മാതൃകയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനങ്ങളെ തൃപ്‌തിപ്പെടുത്തേണ്ടത് ഫെഡറൽ വ്യവസ്ഥയിൽ കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം കേന്ദ്ര-സംസ്ഥാന ബന്ധം വഷളാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയിംസ് പരിഗണിക്കണം

എയിംസിനായി കോഴിക്കോട് 200 ഏക്കർ ഏറ്റെടുത്ത കാര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ച മുഖ്യമന്ത്രി, അടുത്ത ബഡ്‌ജറ്റിൽ പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചു. അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് കേന്ദ്ര സഹായം, ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടൽ, പെട്രോകെമിക്കൽ കോംപ്ളക്സ് നിർമ്മിക്കാനും കൊച്ചി റിഫൈനറി വികസനത്തിനും ഫാക‌്‌ടിന്റെ 600 ഏക്കർ കൈമാറാൻ കേന്ദ്രാനുമതി എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനവും മുഖ്യമന്ത്രി കൈമാറി.

വാതക പൈപ്പ് ലൈനിന്

അഭിനന്ദനം

2016ൽ മുഖ്യമന്ത്രിയായ ശേഷം ആദ്യ കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം, ഗെയ്ൽ വാതക പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കാൻ നടപടിയെടുത്ത കാര്യം നരേന്ദ്ര മോദിയെ പിണറായി വിജയൻ ധരിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നറിഞ്ഞ് പ്രധാനമന്ത്രി അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.