gadkari-meet

 ഗഡ്കരി- പിണറായി കൂടിക്കാഴ്ചയിൽ തീരുമാനം

 ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ പങ്ക് വഹിക്കണം

ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത വികസനത്തെ ഒന്നാം പരിഗണനാപ്പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഔദ്യോഗികമായി തീരുമാനിച്ചു. ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. എന്നാൽ ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണം.

കേരളത്തിൽ ഭൂമി ഏറ്റെടുക്കാൻ വേണ്ടിവരുന്ന അധികച്ചെലവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനവും വിഹിതം വഹിക്കണമെന്നാവശ്യപ്പെട്ടത്. വിഹിതത്തിന്റെ കാര്യത്തിൽ പിന്നീട് തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, മന്ത്രാലയത്തിലെയും ദേശീയപാത അതോറിട്ടിയിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മുൻഗണനാ പട്ടിക പുന:സ്ഥാപിക്കുന്ന കാര്യത്തിൽ നിതിൻ ഗഡ്‌കരിയുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ ചർച്ചകളുടെ തുടർ നടപ‌ടികളാണ് ഡൽഹിയിൽ നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രാലയത്തിലെയും അതോറിട്ടിയിലെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചർച്ച വേണമെന്ന് ഗഡ്‌കരി നിർദ്ദേശിച്ചിരുന്നു.

600 കി.മി. ദേശീയപാത വികസനത്തിന് 44000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പകുതിയും ഭൂമി ഏറ്റെടുക്കാനാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്ഥലത്തിന് നാല് മടങ്ങ് വില കൂടുതലാണ്. ഈ സാഹചര്യത്തിൽ ചെലവിന്റെ ഒരു വിഹിതം സംസ്ഥാനം വഹിക്കുമോ എന്ന് ഗഡ്‌കരി യോഗത്തിൽ ആരാഞ്ഞു. ഇക്കാര്യം വിശദമായി കേരളത്തിൽ ചർച്ച ചെയ്ത് വൈകാതെ തീരുമാനം അറിയിക്കാമെന്നും അതിനു ശേഷം ഡൽഹിയിൽ അന്തിമ ചർച്ച നടത്താമെന്നും മുഖ്യമന്ത്രി മറുപടി നൽകി.

ഇപ്പോഴത്തെ തടസങ്ങൾ നീക്കാനുള്ള ഒട്ടേറെ നിർദ്ദേശങ്ങൾ ഉയർന്നെന്നും കേരളത്തിലെ ദേശീയപാതാ വികസനം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും ചർച്ചയ്‌ക്കു ശേഷം ഗഡ്കരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ചെലവ് വഹിക്കുന്ന കാര്യത്തിൽ സംസ്ഥാനം നേരത്തേ ധാരണയുണ്ടാക്കിയതാണെന്നും ദേശീയ പാത അതോറിട്ടി തടസവാദം ഉന്നയിച്ചതാണ് പ്രശ്‌നമായതെന്നും മുഖ്യമന്ത്രിയും പറഞ്ഞു.

കേരളത്തിന്റെ മറ്റ് ആവശ്യങ്ങൾ

 സാഗർമാല പദ്ധതിക്ക് കീഴിൽ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന 119 കി. മീറ്ററിന്റെ 11 റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കണം

 വിഴിഞ്ഞം തുറമുഖത്തെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി ഏറ്റെടുക്കണം

 തിരുവനന്തപുരത്ത് 70 മീറ്റർ വീതിയിൽ 80 കി.മീറ്റർ റിംഗ് റോഡ് നിർമ്മാണം, കോഴിക്കോട് ബൈപാസ്, തൃശൂർ - വടക്കാഞ്ചേരി റോഡ് എന്നിവ വേഗം നടപ്പാക്കണം

 എറണാകുളത്ത് സ്റ്റീൽ ഫർണിച്ചർ ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്റർ സ്ഥാപിക്കുന്നതിന് അംഗീകാരം

 അങ്കമാലി തൃശൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ ടെക്നോളജി സെന്റർ, കൊല്ലത്ത് നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ഡിസൈൻ എന്നിവയ്‌ക്ക് ധനസഹായം