ന്യൂഡൽഹി: ഏതെങ്കിലും ഒരു മതവിഭാഗത്തെ അവഹേളിക്കുന്ന നടപടിയെ സർക്കാരിന് അനുകൂലിക്കാൻ കഴിയില്ലെന്നും അത് ആവിഷ്കാര സ്വാതന്ത്ര്യമായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലളിത കലാ അക്കാഡമിയുടെ കാർട്ടൂൺ അവാർഡ് വിവാദവുമായി ബന്ധപ്പെട്ട് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യം ആരും നിഷേധിക്കരുതെന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ മതചിഹ്നങ്ങളെ അവഹേളിക്കുന്ന തരത്തിലായാൽ അത് അംഗീകരിക്കാൻ കഴിയില്ല.
മുഖ്യമന്ത്രിയെ കളിയാക്കിയ ചിത്രത്തിനുപോലും സർക്കാർ അവാർഡ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്ന് മറിച്ചൊരു വിധി വന്നാൽ അതും സർക്കാർ നടപ്പാക്കുമെന്ന് മറ്റൊരു ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. എറണാകുളത്ത് എസ്.ഐയെ കാണാതായ സംഭവം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം മൂലമാണോ എന്ന് ആളോട് നേരിട്ട് ചോദിച്ചറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.