loksabha

 പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി:പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് കൊടിയേറും. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ജൂൺ 20ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനം ജൂലായ് 26 വരെ നീണ്ടു നിൽക്കും. ജൂലായ് അഞ്ചിനാണ് രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്.

പ്രൊട്ടെം സ്‌പീക്കറായി നിശ്‌ചയിച്ചിട്ടുള്ള മദ്ധ്യപ്രദേശ് എം.പി ഡോ. വീരേന്ദ്രകുമാർ ഇന്ന് രാവിലെ രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതിക്കു മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം 10.30 ലോക്‌സഭയിലെ സ്‌പീക്കറുടെ ചേംബറിൽ എത്തി ചുമതലയേൽക്കും. പ്രൊട്ടെം സ്‌പീക്കറെ സഹായിക്കുന്ന എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഭർതൃഹരി മഹ്‌താബ് എന്നിവർ ചേംബറിൽ വീരേന്ദ്രകുമാറിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കലും സ്‌പീക്കറെ തിരഞ്ഞെടുക്കലുമാണ് പ്രൊട്ടെം സ്‌പീക്കറുടെ ചുമതല.

രാവിലെ 11 മണിക്ക് ആദ്യം മന്ത്രിസഭാംഗങ്ങളും തുടർന്ന് ഇംഗ്ളീഷ് അക്ഷരമാലാ ക്രമത്തിൽ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് എം.പിമാരും പ്രൊട്ടെം സ്‌പീക്കർക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യും. 542 അംഗങ്ങളുടെ സത്യപ്രതിജ്ഞ രണ്ടു ദിവസം നീണ്ടു നിൽക്കും.

നിരവധി പുതിയ അംഗങ്ങളുള്ള സഭയിൽ പുതിയ ആശയങ്ങൾ വിരിയട്ടെയെന്ന് സമ്മേളനത്തിന് മുമ്പ് കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. സമ്മേളനത്തിൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നത് അടക്കമുള്ള സുപ്രധാന ബില്ലുകൾ പാസാക്കാൻ പ്രതിപക്ഷത്തിന്റെ സഹകരണവും അദ്ദേഹം തേടിയെന്ന് യോഗ തീരുമാനം അറിയിച്ച പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. പശ്‌ചിമ ബംഗാളിലെ സംഭവങ്ങളും യോഗത്തിൽ ചർച്ചയായി.

ജൂൺ 20ന് പുതിയ സ്‌പീക്കറെ തിരഞ്ഞെടുക്കും.

ജൂലായ് 4 ന് സാമ്പത്തിക സർവ്വേ അവതരിപ്പിക്കും

ജൂലായ് 5ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് അവതരിപ്പിക്കും.