വിടവാങ്ങിയത് ബാലലോകത്തിലെ 'ചേച്ചി'
ന്യൂഡൽഹി: മലയാളിയുടെ മനംകവർന്ന 'നാഴിയൂരിപ്പാലു കൊണ്ട് നാടാകെ കല്യാണം' എന്ന ഗാനം അനശ്വരമാക്കിയ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും മുൻ ആകാശവാണി സ്‌റ്റാഫ് ആർട്ടിസ്‌റ്റുമായ ഗായത്രി ശ്രീകൃഷ്ണൻ (85) ഡൽഹിയിൽ അന്തരിച്ചു. പ്രശസ്‌ത പുല്ലാങ്കുഴൽ വിദ്വാനും ആകാശവാണി കോഴിക്കോട് സ്‌റ്റേഷൻ ഡയറക്‌ടറുമായിരുന്ന ജി.എസ്. ശ്രീകൃഷ്‌ണന്റെ ഭാര്യയാണ്. കൊച്ചു മകൻ ശ്യാം രാജനൊപ്പം ഡൽഹിക്കു സമീപം ഗാസിയാബാദിൽ താമസമായിരുന്ന ഗായത്രി കുറച്ചു നാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ബാംഗ്ളൂരിൽ മകളുടെ വസതിയിൽ നടക്കും.
1956ൽ പുറത്തിറങ്ങിയ രാരിച്ചൻ എന്ന പൗരൻ എന്ന സിനിമയിൽ പി. ഭാസ്‌കരൻ രചിച്ച് രാഘവൻ മാസ്‌റ്റർ ഈണം നൽകിയ നാഴിയൂരിപ്പാലു കൊണ്ട് നാടാകെ കല്യാണം എന്ന ഒറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസിൽ സ്ഥിരപ്രതിഷ്‌ഠ നേടിയ ഗായികയാണ് ഗായത്രി. ശാന്താ. പി. നായർക്കൊപ്പമാണ് ഈ പാട്ട് പാടിയത്. പള്ളുരുത്തി സ്വദേശിയായ ഗായത്രി കോഴിക്കോട് റേഡിയോ സ്റ്റേഷനിൽ സ്ഥിരം ഗായികയായും ബാലലോകം പരിപാടിയിലെ ചേച്ചി എന്ന അവതാരകയുടെ ശബ്ദത്തിലും പ്രശസ്‌തയായി. കോഴിക്കോട് നിലയത്തിൽ ഒപ്പം പ്രവർത്തിച്ച പുല്ലാംങ്കുഴൽ വിദ്വാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ച ശേഷം കോഴിക്കോട് വെള്ളിമാടുകുന്ന് സി.എച്ച്. കോളനിയിലായിരുന്നു താമസം.
പന്ത്രണ്ടാം വയസിൽ കൊച്ചിയിൽ നടന്ന ഒരു കച്ചേരിയിൽ പ്രശസ്‌ത ഗായകൻ മുഹമ്മദ് റാഫിക്കൊപ്പം പാടാൻ അവസരം ലഭിച്ചിരുന്നു. പിന്നീടാണ് രാരിച്ചൻ എന്ന പൗരനിലൂടെ മലയാള സിനിമയിൽ അരങ്ങേറിയത്. ഈ സിനിമയിലെ തെക്കൂന്നു നമ്മളൊരു ചക്കൊന്നു വാങ്ങി എന്ന ഗാനമാണ് ഗായത്രിയുടെ ആദ്യ സിനിമാ ഗാനം.
എറണാകുളം സെന്റ് തെരാസാസ് കോളേജിൽ പ്രീയൂണിവേഴ്സിറ്റി പൂർത്തിയാക്കിയ ശേഷം ആകാശവാണിയിൽ സ്‌റ്റാഫ് ആർട്ടിസ്‌റ്റായി. പ്രശസ്‌ത പുല്ലാങ്കുഴൽ വാദകൻ ജി.എസ്. രാജൻ മകനാണ്. മകൾ:സുജാത ദാസ് (ബാംഗ്ളൂർ, ഐ.ടി) മരുമക്കൾ: അഞ്ജന രാജൻ (നർത്തകി, മാദ്ധ്യമ പ്രവർത്തക), സുപ്രിയോ ദാസ്.