ന്യൂഡൽഹി: ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുക എന്ന ആശയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 19ന് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു. ഗാന്ധിജിയുടെ 150-ാം ജൻമ വാർഷികം, 2022ൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം എന്നിവ ആഘോഷിക്കുന്നതും യോഗം ചർച്ച ചെയ്യും.
ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങളുള്ള പാർട്ടികളുടെ അദ്ധ്യക്ഷന്മാരെയാണ് യോഗത്തിന് ക്ഷണിച്ചത്. 20ന് ഇരു സഭകളിലെയും അംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നുമുണ്ടാകും. സർക്കാരുമായി ആശയങ്ങൾ പങ്കു വയ്‌ക്കാൻ എല്ലാ അംഗങ്ങൾക്കും അവസരം നൽകുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
2014ൽ ആദ്യം അധികാരമേറ്റതു മുതൽ നരേന്ദ്രമോദി മുന്നോട്ടു വച്ച ആശയമാണ് രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുകയെന്നത്. എന്നാൽ പ്രതിപക്ഷ കക്ഷികൾ അനുകൂലിച്ചില്ല. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ ആശയം നടപ്പാക്കാനുള്ള വഴികൾ തേടുകയാണ് മോദി സർക്കാർ.
ടീം സ്‌പിരിറ്റു വേണം: പ്രധാനമന്ത്രി
16-ാം ലോക്‌സഭയുടെ അവസാന രണ്ടു വർഷങ്ങൾ പാഴായത് 17-ാം ലോക്‌സഭയിൽ ആവർത്തിക്കരുതെന്നും പുതിയ അംഗങ്ങളുടെ പുത്തൻ ആശയങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സർക്കാർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശയാഭിലാഷങ്ങൾ സഫലമാക്കാൻ ജനപ്രതിനിധികൾ ബാദ്ധ്യസ്ഥരാണെന്ന് ഒാർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർവ്വകക്ഷി യോഗം ഫലപ്രദമായിരുന്നുവെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്‌തു.
അതേസമയം കർഷക പ്രതിസന്ധിയും തൊഴിലില്ലായ്‌മയും വരൾച്ചയും സംബന്ധിച്ച് പ്രത്യേക ചർച്ച ആവശ്യപ്പെട്ടതായി യോഗത്തിനു ശേഷം കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു. ജനങ്ങൾക്ക് താത്പര്യമുള്ള ബില്ലുകളെ എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകാശ‌്മീരിൽ ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. വനിതാ സംവരണ ബിൽ 17-ാം ലോക്‌സഭയിൽ പാസാക്കണമെന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രെയ്‌ൻ പറഞ്ഞു.