mps

ന്യൂഡൽഹി: കേരളത്തിൽനിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 പേരിൽ 19പേർ ഇന്നലെ പാർലമെന്റിൽ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാല് പേർ മലയാളത്തിലും രാഹുൽഗാന്ധിയടക്കം 14പേർ ഇംഗ്ലീഷിലും സത്യപ്രതിജ്‌ഞ ചെയ്തപ്പോൾ മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. ലണ്ടനിലായതിനാൽ, തിരുവനന്തപുരം എം.പി ശശി തരൂർ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല.

രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, എം.കെ. രാഘവൻ, എ. എം. ആരിഫ് എ്നനിവരാണ് മലയാളത്തിൽ സത്യവാചകം ചൊല്ലിയത്. അതേസമയം, ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തതിന് കൊടിക്കുന്നിലിനെ കോൺഗ്രസ് പാർലമെന്ററി ബോർഡ് നേതാവ് സോണിയാ ഗാന്ധി ശകാരിച്ചതായി വാർത്തകൾ വന്നിരുന്നു. എന്നാൽ, വാർത്ത അടിസ്ഥാനരഹിതമാണെന്നും 2014ലും ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയതെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു.

അതേസമയം, വൈകിട്ട് കേരളാ എം.പിമാരുടെ സത്യപ്രതിജ്ഞയ്‌ക്കു തൊട്ടു മുമ്പ് സഭയിലെത്തി രണ്ടാംനിരയിൽ ഇരിക്കാൻ തുനിഞ്ഞ രാഹുൽ ഗാന്ധിയെ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നിർബന്ധിച്ച് മുൻ നിരയിൽ സോണിയാ ഗാന്ധിയുടെ സമീപത്തേക്ക് അയയ്‌ക്കുകയായിരുന്നു.

രാവിലെ സഭ സമ്മേളിച്ചയുടൻ രാഹുൽ എവിടെ എന്ന് ബി.ജെ.പി അംഗങ്ങൾ പരിഹസിക്കുന്നുണ്ടായിരുന്നു.