ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിസഭാംഗങ്ങളുടെയും സത്യപ്രതിജ്ഞയോടെ 17-ാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും തുടരും.
നാളെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. യു.പി.എ അദ്ധ്യക്ഷയെന്ന നിലയിൽ സോണിയാ ഗാന്ധിക്ക് നേരത്തെ സത്യപ്രതിജ്ഞ ചൊല്ലാൻ അവസരം നൽകണമെന്ന അപേക്ഷ പരിഗണിക്കാത്തത് ചെറിയ വാഗ്വാദത്തിന് ഇടയാക്കി. 2014ൽ എൻ.ഡി.എ അദ്ധ്യക്ഷനും യു.പി.എ അദ്ധ്യക്ഷയ്‌ക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻഗണന നൽകിയിരുന്നു. അപേക്ഷ അംഗീകരിക്കാതെ വന്നതോടെ ഇന്ന് യു.പിയിലെ അംഗങ്ങൾക്കൊപ്പം സത്യപ്രതിജ്ഞ ചെയ്‌തുകൊള്ളാമെന്ന് സോണിയ അറിയിക്കുകയായിരുന്നു.
പ്രഗ്യാ സിംഗിന് സഭയിലും വിവാദം
മലേഗാവ് സ്‌ഫോടന കേസ് പ്രതിയായി വാർത്തകളിൽ ഇടം നേടിയ ഭോപ്പാലിൽ നിന്നുള്ള ബി.ജെ.പി അംഗം പ്രഗ്യാ സിംഗ് താക്കൂർ സത്യപ്രതിജ്ഞാ വേളയിൽ പേരിനൊപ്പം ഗുരുവിന്റെ പേരു ചൊല്ലിയത് കേരളത്തിൽ നിന്നുള്ള അംഗം എൻ.കെ. പ്രേമചന്ദ്രൻ ക്രമപ്രശ്‌നമായി ഉന്നയിച്ചു. ഗുരു സ്വാമി പൂർണ ചേതാനന്ദ് അദ്വേശാനന്ദിന്റെ പേരാണ് പ്രഗ്യ ഉച്ചരിച്ചത്. എന്നാൽ ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ പ്രകാരം ക്രമപ്രശ്നമായി എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ചപ്പോൾ മറ്റ് കേരളത്തിൽ നിന്നുള്ള മറ്റ് അംഗങ്ങളും പിന്തുണച്ചു. തന്റെ മുഴുവൻ പേരാണ് ഉച്ചരിച്ചതെന്ന് ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ പ്രഗ്യ വാദിച്ചെങ്കിലും വിഷയം പരിശോധിച്ച പ്രെട്ടെം സ്‌പീക്കർ ഗുരുവിന്റെ പേര് നീക്കം ചെയ്യണമെന്ന് റൂളിംഗ് നൽകി.