ന്യൂഡൽഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി അമിത് ഷായെ നിലനിറുത്താനും മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദയെ വർക്കിംഗ് പ്രസിഡന്റായി നിയമിക്കാനും പാർട്ടി പാർലമെന്ററി ബോർഡ് യോഗം തീരുമാനിച്ചു. അമിത് ഷാ ആഭ്യന്തര മന്ത്രിയായ സാഹചര്യത്തിലാണ് പ്രതിദിന ജോലികളുടെ മേൽനോട്ടം നദ്ദയ്ക്ക് നൽകുന്നത്.
ആഭ്യന്തര മന്ത്രിയുടെ ഭാരിച്ച ഉത്തരവാദിത്വമുള്ളതിനാൽ അദ്ധ്യക്ഷ സ്ഥാനമൊഴിയാൻ ഷാ താത്പര്യം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ കീഴിൽ തിരഞ്ഞെടുപ്പുകളിൽ പാർട്ടി വൻ വിജയം നേടിയ സാഹചര്യം കണക്കിലെടുത്ത് തുടരാൻ യോഗം നിർദ്ദേശിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
പാർട്ടി പുനഃസംഘടന പൂർത്തിയാകുന്ന ഡിസംബർ വരെ അമിത് ഷാ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന തത്വം പാലിച്ച് ഷാ സ്ഥാനമൊഴിഞ്ഞാൽ മഹാരാഷ്‌ട്ര, ഹരിയാന, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനത്തെ ബാധിച്ചേക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രചാരണ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത് നദ്ദയായിരിക്കുമെന്നറിയുന്നു
നദ്ദ ശക്തൻ, വിശ്വസ്തൻ
59 കാരനായ ജെ.പി. നദ്ദ 2012 മുതൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്. 1993ൽ ഹിമാചൽ പ്രദേശ് നിയമസഭാംഗമായാണ് ശ്രദ്ധ നേടുന്നത്. 2014ൽ മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായി. അന്നു മുതൽ സുപ്രധാന പാർട്ടി ചുമതലകളും വഹിച്ചിരുന്നു. മോദിയുടെ വിശ്വസ്തരിൽ ഒരാളാണ്. ബ്രാഹ്മണ സമുദായാംഗമായ നദ്ദയ്‌ക്ക് ആർ.എസ്.എസിന്റെ പിന്തുണയുമുണ്ട്.