ന്യൂഡൽഹി: ബി.ജെ.പി അംഗങ്ങളുടെ ജയ് ശ്രീരാം മുദ്രാവാക്യങ്ങളും അതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും നിറഞ്ഞ അന്തരീക്ഷത്തിൽ ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയായി. യു.പിയിൽ നിന്നുള്ള അംഗങ്ങൾക്കൊപ്പം യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം എം.പി ശശി തരൂരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌തു.

പശ്‌ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ അംഗങ്ങളും ഹൈദരാബാദിൽ നിന്നുള്ള അസറുദ്ദീൻ ഒാവൈസി അടക്കമുള്ള മുസ്ളീം അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌തപ്പോഴൊക്കെ ബി.ജെ.പി അംഗങ്ങൾ 'ജയ്ശ്രീറാം', 'വന്ദേമാതരം' മുദ്രാവാക്യം ഉയർത്തി. മറുപടിയായി തൃണമൂൽ അംഗങ്ങൾ 'ജയ് ബംഗളാ' എന്നും ഒാവൈസിയും തൃണമൂൽ അംഗം അബു താഹിർ ഖാനും അല്ലാഹു അക്ബർ എന്നു തിരിച്ച് ചൊല്ലി. ജയ്ശ്രീറാം വിളിക്കെതിരെ യു.പിയിലെ സമാജ്‌വാദി അംഗം സംഭാൽ ഷാഫിപൂർ റഹ്‌മാൻ അദ്ധ്യക്ഷനോട് പരാതിപ്പെട്ടു. സഭ നിയന്ത്രിച്ച കൊടിക്കുന്നിൽ സുരേഷ് റൂളിംഗ് മുദ്രാവാക്യം വിളിക്കെതിരെ നൽകിയെങ്കിലും ഫലമുണ്ടായില്ല. സത്യപ്രതിജ്ഞ ഒഴികെയുള്ളവ രേഖയിൽ പാടില്ലെന്ന് കൊടിക്കുന്നിൽ നിർദ്ദേശം നൽകി.

തന്നെ കാണുമ്പോൾ ബി.ജെ.പിക്കാർക്ക് ശ്രീറാം, വന്ദേമാതരം എന്നൊക്കെ ഒാർമ്മ വരുന്നത് നല്ലതാണെന്നും മുസാഫർപൂരിലെ കുട്ടികളുടെ മരണത്തെക്കുറിച്ച് മറക്കരുതെന്നും ഒാവൈസി പിന്നീട് പ്രതികരിച്ചു.

തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ അംഗങ്ങളാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌തത്. 542 അംഗങ്ങളിൽ 320പേർ ആദ്യ ദിവസം സത്യപ്രതിജ്ഞ ചെയ്‌തിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് കൊടിക്കുന്നിൽ സുരേഷ് സഭാദ്ധ്യക്ഷനായ സമയത്താണ് സോണിയാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നടന്നത്. ഹിന്ദിയിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത ശേഷം അദ്ധ്യക്ഷനെ വണങ്ങിയപ്പോൾ കൊടിക്കുന്നിൽ സുരേഷ് എഴുന്നേറ്റു നിന്ന് കൈകൂപ്പി.

ഉച്ചയ്‌ക്ക് 12മണിയോടെ സത്യപ്രതിജ്ഞയെടുത്ത ശശി തരൂർ ഇംഗ്ളീഷിലാണ് സത്യവാചകം ചൊല്ലിയത്.

തമിഴ്നാട്ടിൽ നിന്നുള്ള അംഗങ്ങൾ തമിഴിൽ സത്യവാചകം ചൊല്ലിയപ്പോൾ ഉത്തർപ്രദേശിലെയും രാജസ്ഥാനിലെയും ബി.ജെ.പി അംഗങ്ങളിൽ പലരും സംസ്‌കൃതം ഉപയോഗിച്ചു.