loksabha-

ന്യൂഡൽഹി: ലോക്‌സഭയിലെ കോൺഗ്രസ് പാർട്ടി നേതാവായി പശ്‌ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന അംഗം ആദിർ രഞ്ജൻ ചൗധരിയെ നിയമിക്കാൻ പാർലമെന്ററി ബോർഡ് നേതാവ് സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ്‌ ചീഫ് വിപ്പാകും.

ലോക്‌സഭാ നേതാവാകാൻ താത്പര്യമില്ലെന്ന നിലപാടിൽ കോൺഗ്രസ് ‌അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉറച്ചുനിന്നതോടെയാണ് ആദിർ രഞ്ജൻ ചൗധരിക്ക് നറുക്കുവീണത്. രാഹുൽ ഇക്കാര്യം നേരത്തേ അറിയിച്ചിരുന്നു. ഇന്നലെ സോണിയാ ഗാന്ധിയുടെ വസതിയിൽ മുതിർന്ന നേതാക്കളായ മൻമോഹൻ സിംഗ്, എ.കെ. ആന്റണി, പി. ചിദംബരം, കൊടിക്കുന്നിൽ സുരേഷ്, ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ജയ്റാം രമേശ്‌ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ചൗധരിയെ നിയമിക്കാൻ തീരുമാനിച്ചത്. ചൗധരിയും യോഗത്തിൽ പങ്കെടുത്തു. പാർലമെന്റ് സമ്മേളനം തുടങ്ങിയിട്ടും കോൺഗ്രസിന് നേതാവിനെ കണ്ടത്താൻ കഴിയാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

സീനിയോറിട്ടി പ്രകാരം കൊടിക്കുന്നിൽ സുരേഷിനെയും ലോക്‌സഭാ നേതാവായി പരിഗണിച്ചിരുന്നു. ആദിർ രഞ്ജൻ ചൗധരിയെക്കാൾ പരിചയമുള്ള കൊടിക്കുന്നിലിന് അർഹമായ സ്ഥാനം നൽകണമെന്ന് നേതാക്കൾ നിർദ്ദേശിച്ചതിനെ തുടർന്നാണ് ചീഫ് വിപ്പാക്കിയത്.

ആദിർ രഞ്ജൻ ചൗധരി

പശ്‌ചിമ ബംഗാളിലെ കോൺഗ്രസിന്റെ ശക്തനായ നേതാവായ 63കാരനായ ആദിർ രഞ്ജൻ ചൗധരി 1999 മുതൽ ബേരാംപൂർ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. തൃണമൂൽ, ബി.ജെ.പി തരംഗം ശക്തമായ കഴിഞ്ഞ തിരഞ്ഞെടുപ്പിലും അദ്ദേഹം ജയിച്ചു. പശ്‌ചിമ ബംഗാൾ പി.സി.സി അദ്ധ്യക്ഷനായിരുന്ന ചൗധരി 2012ലും 2014ലും യു.പി.എ സർക്കാരിൽ റെയിൽവേ സഹമന്ത്രിയായിരുന്നു. 16-ാം ലോക്‌സഭയിൽ നേതാവായിരുന്ന മല്ലികാർജ്ജുന ഖാർഗെ അപ്രതീക്ഷിത തോൽവി നേരിട്ടതോടെയാണ് കോൺഗ്രസ് നേതൃനിരയിൽ പ്രതിസന്ധിയുണ്ടായത്. കഴിഞ്ഞ സഭയിലേതുപോലെ സീറ്റുകൾ കുറഞ്ഞതിനാൽ ഇക്കുറിയും കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല.

കൊടിക്കുന്നിൽ സുരേഷ്

ആറാം വട്ടം ലോക്‌സഭയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് 2014ൽ കോൺഗ്രസ് പാർലമെന്റി പാർട്ടി സെക്രട്ടറിയായിരുന്നു. കേരളത്തിനു വേണ്ടിയും ദളിത് പിന്നാക്ക വിഷയങ്ങളിലും പാർലമെന്റിലെ വേറിട്ട ശബ്ദമാണ് കൊടിക്കുന്നിൽ. സീനിയോറിട്ടി പരിഗണിച്ച് ഇക്കുറി പ്രോട്ടെം സ്‌പീക്കർ വീരേന്ദ്ര കുമാറിനെ സഹായിക്കാനുള്ള പാനലിൽ അംഗമായി.