national-

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഴിമതി വിരുദ്ധ നടപടികളുടെ തുടർച്ചയായി ധനമന്ത്രാലയത്തിനു കീഴിലെ പ്രിൻസിപ്പൽ കമ്മിഷണർ അടക്കം ആരോപണവിധേയരായ 15 കസ്‌റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത റിട്ടയർമെന്റ് നൽകി.

ഉദ്യോഗസ്ഥരുടെ അഴിമതിയും നിയമവിരുദ്ധ പ്രവർത്തനവും അവസാനിപ്പിക്കാനുള്ള 1972ലെ കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) നിയമ പ്രകാരമാണ് നടപടി. ദിവസങ്ങൾക്ക് മുമ്പ് ധനകാര്യ മന്ത്രാലയത്തിലെ 12 ഉന്നത ഉദ്യോഗസ്ഥരെ ഇതേ രീതിയിൽ പുറത്താക്കിയിരുന്നു.

കൈക്കൂലി, അനധികൃത സ്വത്തു സമ്പാദനം, പണം പിടുങ്ങൽ തുടങ്ങിയ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം നേരിട്ട ഉദ്യോഗസ്ഥരിൽ പലരും സസ്പെൻഷനിലാണ്.

തെറിച്ച ഉദ്യോഗസ്ഥർ:

1. അനൂപ് ശ്രീവാസ്തവ (പ്രിൻസിപ്പൽ കമ്മിഷണർ): ഭൂമി ഇടപാടിൽ ഹൗസിംഗ് സൊസൈറ്റിക്ക് അവിഹിത ആനുകൂല്യങ്ങൾ ചെയ്‌തതിനും ഇറക്കുമതി ചുങ്കം കേസിൽ നിന്ന് ഒഴിവാക്കാൻ വ്യവസായിയോട് കൈക്കൂലി ചോദിച്ചതിനും സി.ബി.ഐ കേസ്. കള്ളക്കേസുകൾ, പണം പിടുങ്ങൽ ആരോപണങ്ങളുമുണ്ട്.

2. നളിൻ കുമാർ(ജോയിന്റ് കമ്മിഷണർ):

കൈക്കൂലി, അനധികൃത സ്വത്ത് കേസുകളിൽ സി.ബി.ഐ അന്വേഷണം.

3. സൻസർ ചന്ദ് (കമ്മിഷണർ):കൈക്കൂലി കേസ്.

4. ജി. ശ്രീഹർഷ (കമ്മിഷണർ): 2.24 കോടിയുടെ അനധികൃത സ്വത്ത് കേസ്.

5. അതുൽ ദീക്ഷിത് (കമ്മിഷണർ): അനധികൃത സ്വത്ത് കേസ്

6. വിനയ് ബ്രിജ് സിംഗ് (കമ്മിഷണർ): അഴിമതിക്ക് സസ‌്പെൻഷനിൽ

7. അമരേഷ് ജെയിൻ (ഡെപ്യൂട്ടി കമ്മിഷണർ): 1.55 കോടിയുടെ അനധികൃത സ്വത്ത്. 95. 24 ലക്ഷത്തിന്റെ കറൻസി പിടിച്ചെടുത്തു

8. അശോക് മഹിദ (അഡിഷണൽ കമ്മിഷണർ)

9. വീരേന്ദ്ര അഗർവാൾ (അഡിഷണൽ കമ്മിഷണർ)

10. എസ്. എസ്. പ്രബാന (അസി. കമ്മിഷണർ)

11. എസ്. എസ്. ബിഷ്‌ട് (അസി. കമ്മിഷണർ)

12. വിനോദ് സാങ്കാ (അസി. കമ്മിഷണർ)

13. രാജു ശേഖർ (അസി.കമ്മിഷണർ)

14. മുഹമ്മദ് അൽത്താഫ് (അസി. കമ്മിഷണർ)

15. അശോക് അസ്വാൾ (ഡെപ്യൂട്ടി കമ്മിഷണർ)

നിയമം:

എഫ്.ആർ 56 (ജെ), 56 (1)വകുപ്പുകൾ പ്രകാരം ജീവനക്കാരുടെ പ്രകടനം വിലയിരുത്തി സർവീസിൽ നിലനിറുത്തണോ, നിർബന്ധിത വിരമിക്കൽ നൽകണമോയെന്ന് കേന്ദ്രസർക്കാരിന് തീരുമാനിക്കാം. 50/55 വയസോ, മുപ്പത് വർഷം സർവീസോ ( ഏതാണോ ആദ്യം ) പൂർത്തിയാക്കിയ ജീവനക്കാർക്കാണ് ഇത് ബാധകം.