n-k-premachandran-differe

ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തള്ളണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബിൽ എൻ.കെ. പ്രേമചന്ദ്രൻ ( ആർ. എസ്. പി ) വെള്ളിയാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിക്കും.

ശബരിമല ക്ഷേത്രത്തിൽ 2018 സെപ്‌തംബർ ഒന്നിന് മുമ്പുണ്ടായിരുന്ന ആചാരാനുഷ്‌ഠാനങ്ങൾ സംരക്ഷിക്കണമെന്നും കോടതി വിധി ബാധകമാക്കരുതെന്നും ബിൽ ആവശ്യപ്പെടുന്നു. 17-ാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്. വെള്ളിയാഴ്‌ചയ്‌ക്ക് മുമ്പ് സർക്കാർ ബില്ലുകൾ വന്നില്ലെങ്കിൽ സഭയിലെ ആദ്യ ബില്ലെന്ന പരിഗണനയും ലഭിക്കും.

ഒരു കോടതിയുടെയോ, ട്രൈബ്യൂണലിന്റെയോ, അതോറിട്ടിയുടെയോ വിധി, അപ്പീൽ, നിയമം എന്നിവ ക്ഷേത്ര ആചാരാനുഷ്‌ഠാനങ്ങൾക്ക് തടസമാകരുത്. അതിന് തടസമാകുന്ന വിധികളും നിയമങ്ങളും റദ്ദാക്കണം. ആചാരാനുഷ്ഠാനങ്ങൾ യഥാവിധി നടപ്പാകുന്നുവെന്ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഉറപ്പാക്കണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.

ബില്ലിന് വെള്ളിയാഴ്‌ച അവതരണാനുമതി ലഭിച്ചത് മാദ്ധ്യമ പ്രവർത്തകരിൽ നിന്നാണ് പ്രേമചന്ദ്രൻ അറിയുന്നത്. അതിനു മുമ്പ് ബില്ലിന് തടയിടാൻ നിയമ മന്ത്രാലയം വഴി പല ശ്രമങ്ങളും നടന്നതായി അദ്ദേഹം പറഞ്ഞു.