om-birla

ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എം.പി ഒാം ബിർള 17-ാം ലോക്‌സഭയുടെ സ്‌പീക്കറായി ചുമതലയേറ്റു. എൻ.ഡി.എയുടെ സ്ഥാനാർത്ഥിയായ ബിർളയെ പ്രതിപക്ഷവും പിന്തുണച്ചതോടെ ഏകകണ്ഠമായാണ് സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്നലെ രാവിലെ പ്രൊട്ടെം സ്‌പീക്കർ വീരേന്ദ്ര കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സഭയിൽ സ്‌പീക്കറായി ഒാം ബിർളയെ തിരഞ്ഞെടുക്കാനുള്ള പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊണ്ടുവന്നത്. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് പിന്തുണച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ മറ്റൊരു പ്രമേയത്തെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും പിന്തുണച്ചു. കോൺഗ്രസ് ലോക്‌സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരി, ഡി.എം.കെ നേതാവ് ടി.ആർ.ബാലു, തൃണമൂൽ നേതാവ് സുധീപ് ബന്ദോപാദ്ധ്യായ, ടി.ഡി.പി നേതാവ് ജയദേവ് ഗല്ല തുടങ്ങിയവരും പിന്തുണ അറിയിച്ചു. ഗുജറാത്തിലെ കച്ചിൽ ഭൂകമ്പമുണ്ടായപ്പോഴും ഉത്തരാഖണ്ഡിൽ പ്രളയമുണ്ടായപ്പോഴും ഒാം ബിർള നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ഒാർത്തു. അതേസമയം നടപടികളിൽ കാർക്കശ്യം വേണമെന്നും പ്രധാനമന്ത്രിക്കെതിരെ പോലും റൂളിംഗ് നൽകാൻ മടിക്കരുതെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

സഭാ നടപടികൾ ചട്ടം പ്രകാരം നടക്കുന്നുവെന്ന് സ്‌പീക്കർ ഉറപ്പാക്കണമെന്ന് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. കഴിഞ്ഞ സഭയിൽ ബില്ലുകൾ സ്‌റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടാതെ ഒാർഡിനൻസ് രൂപത്തിൽ പാസാക്കിയത് ആവർത്തിക്കരുത്. പാർലമെന്ററി ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

ഇന്നു രാവിലെ പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് 17-ാം ലോക്സഭയിലെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗം നടത്തും. തുടർന്ന് ഇരു സഭകളും പ്രത്യേകം സമ്മേളിക്കും. ജൂലായ് അഞ്ചിന് രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കും.