ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള സ്വകാര്യ ബിൽ ആചാരാനുഷ്ഠാന സംരക്ഷണത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരമാണെന്നും സർക്കാർ ബിൽ ഏറ്റെടുത്ത് കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരണമെന്നും ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുത്തലാഖിനെതിരെയുള്ള ബിൽ മൂന്നു തവണ ഒാർഡിനൻസ് ആയി ഇറക്കാൻ താത്പര്യം കാണിച്ച ബി.ജെ.പി ശബരിമലയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. മുല്ലപ്പെരിയാറിലെ വിധിക്കെതിരെ കേരള നിയമസഭ നിയമം കൊണ്ടുവന്നിട്ടുണ്ട്. നീറ്റ് പ്രവേശന പരീക്ഷാ വിധിയും കേന്ദ്ര സർക്കാർ മറികടന്ന ചരിത്രമുണ്ട്. മതാചാര അനുഷ്ഠാനങ്ങൾ കൺകറന്റ് ലിസ്റ്റിൽ ആയതിനാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാം. എന്നാൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് പറഞ്ഞ് ലോക്സഭയിൽ സർക്കാരിന് ചർച്ച ഒഴിവാക്കാനും കഴിയും.
അതേസമയം താൻ കൂടി അംഗമായ 2004ലെ വി.എസ് മന്ത്രിസഭ ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചത് എതു സാഹചര്യത്തിലാണെന്ന് ഒാർമ്മയില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ വിശദീകരിച്ചു.
നറുക്കെടുപ്പ് നിർണായകം
എൻ.കെ. പ്രേമചന്ദ്രൻ നൽകിയ സ്വകാര്യ ബില്ലിന് നാളെ അവതരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ബിൽ ചർച്ചയ്‌ക്കെടുക്കാൻ തുടർ നടപടിക്രമങ്ങൾ അനുകൂലമാകണം. ജൂൺ 25ന് സഭയുടെ പരിഗണനയിലുള്ള ചുരുങ്ങിയത് 32 ബില്ലുകൾ നറുക്കിട്ട് അതിൽ പ്രഥമ പരിഗണന ലഭിക്കുന്ന മൂന്നെണ്ണമാണ് ചർച്ചയ്‌ക്കെടുക്കുക. ജൂലായ് 12നാണ് ചർച്ചയ്‌ക്കായി പരിഗണിക്കേണ്ടത്.
പ്രേമചന്ദ്രന്റെ നാലു ബില്ലുകൾക്കും അനുമതി
ശബരിമല യുവതി പ്രവേശനത്തിന് എതിരെയുള്ള ബില്ലിനു പുറമെ എൻ.കെ. പ്രേമചന്ദ്രന്റെ മൂന്നു സ്വകാര്യ ബില്ലുകൾക്കു കൂടി ലോക്സഭാ സെക്രട്ടേറിയറ്റ് അവതരണാനുമതി നൽകി. തൊഴിലുറപ്പ് നിയമത്തിനു കീഴിൽ 200 തൊഴിൽ ദിനങ്ങളും കുറഞ്ഞ വേതനം 800 രൂപയാക്കാനും ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കാനും നിർദ്ദേശിക്കുന്ന ബിൽ, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ, സാധാരണക്കാരെയും രോഗികളെയും സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന ബിൽ എന്നിവയ്‌ക്കാണ് അനുമതി.