ന്യൂഡൽഹി: രാജ്യത്ത് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള നിർദ്ദേശം പഠിക്കാൻ പ്രത്യേക സമിതിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബി.എസ്.പി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ തുടങ്ങിയ പാർട്ടികൾ വിട്ടു നിന്നപ്പോൾ ഇടതു പാർട്ടികളായ സി.പി.എം, സി.പി.ഐ, ആർ.എസ്.പി തുടങ്ങിയവ പങ്കെടുത്ത് തങ്ങളുടെ എതിർപ്പ് അറിയിച്ചു. 40 പാർട്ടികളുടെ നേതാക്കളെ ക്ഷണിച്ചെന്നും അതിൽ 21 പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തെന്നും മൂന്നു പാർട്ടികൾ തങ്ങളുടെ അഭിപ്രായങ്ങൾ എഴുതിയ കത്തു നൽകിയെന്നും യോഗത്തിനു ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.
ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഫെഡറൽ സംവിധാനത്തിന് എതിരാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തിൽ പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ ഒരു സർക്കാരിനും 50 ശതമാനത്തിൽ കൂടുതൽ വോട്ടുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ആനുപാതിക പ്രാതിനിദ്ധ്യ സംവിധാനമാണ് വേണ്ടത്. ഇടയ്‌ക്കു വച്ച് സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായാൽ രാഷ്‌ട്രപതിക്ക് ഭരണം ഏറ്റെടുത്ത് മന്ത്രിസഭയെ നിശ്‌ചയിക്കാമെന്ന നീതിആയോഗ് നിർദ്ദേശം ജനാധിപത്യ വിരുദ്ധമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന കാലയളവിലേക്ക്മാത്രമാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന നിർദ്ദേശവും പ്രായോഗികമല്ല. പുതിയ കീവ്‌വഴക്കങ്ങൾ അടിച്ചേൽപ്പിക്കാനാണ് നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെന്റിന്റെ ഇരുസഭകളും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുന്ന ഭരണഘടനാ ഭേദഗതി ആവശ്യമായതിനാലാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നത് സംബന്ധിച്ച യോഗം വിളിച്ചത്. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം എന്നിവയുടെ ആഘോഷവും രാജ്യത്തെ ജില്ലകളുടെ വികസന മാർഗങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തു.
വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുതന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് വാശി പിടിക്കുന്നതാണ് രാജ്യത്തെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളി. ഈ സാഹചര്യത്തിൽ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച സർവകക്ഷി യോഗമായിരുന്നു പ്രധാനമന്ത്രി വിളിച്ചു ചേർക്കേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ യോഗത്തിൽ പങ്കെടുക്കുമായിരുന്നു." മായാവതി, ബി.എസ്.പി അദ്ധ്യക്ഷ
''ഭരണഘടന ഭേദഗതിയിലൂടെ ലോക്‌സഭ, നിയമസഭകൾക്ക് പ്രത്യേകം കാലാവധി നിശ്ചയിക്കാതെ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ആശയം പ്രാവർത്തികമാക്കാൻ കഴിയില്ല. അവിശ്വാസപ്രമേയം വന്നുകഴിഞ്ഞാൽ, ഭരണനിർവഹണത്തിന് ആളില്ലാതെവരുന്ന സാഹചര്യം, ഈ കാലാവധി നിർണയത്തിലൂടെ മറികടക്കാം."
ടി.എസ് കൃഷ്ണമൂർത്തി.
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ
''ഭരണഘടനയുടെ നിലവിലെ ചട്ടക്കൂടനുസരിച്ച് ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് സാദ്ധ്യമല്ല. " നിയമകമ്മിഷൻ