ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ 49-ാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസ നേർന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ട്വിറ്ററിലൂടെ രാഹുൽ പ്രധാനമന്ത്രിക്ക് നന്ദിയും പറഞ്ഞു. പിറന്നാളിന്റെ ഭാഗമായി കോൺഗ്രസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ സഹോദരിയും ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മറ്റു മുതിർന്ന നേതാക്കൾ എന്നിവർ ആശംസ നേർന്നു. ആശംസ നേരാനെത്തിയ പാർട്ടി പ്രവർത്തകർക്ക് രാഹുൽ മധുരം വിതരണം ചെയ്‌തു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരും സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നേതാവിന് പിറന്നാൾ ആശംസ നേർന്നു.