ramnath-kovind

ന്യൂഡൽഹി: ശ്രീനാരായണ ഗുരുവിന്റെ 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന മഹിതദർശനമാണ് പുതിയ ഇന്ത്യയെ പറ്റിയുള്ള തന്റെ ഗവൺമെന്റിന്റെ കാഴ്ചപ്പാടിന് പ്രചോദനമെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപനം നടത്തുകയായിരുന്നു രാഷ്‌ട്രപതി.

രാജ്യത്തിന് മുന്നേറാൻ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശക്തവും സുരക്ഷിതവും സമൃദ്ധവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം. സബ് കാ സാഥ്, സബ് കാ വികാസ് ഔർ സബ് കാ വിശ്വാസ് (എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം) എന്നതാണ് കാഴ്ചപ്പാട്. പുതിയ ഇന്ത്യയെ പറ്റിയുള്ള ഗവൺമെന്റിന്റെ ഈ സങ്കല്പത്തിന് പ്രചോദനമേകുന്നത് കേരളത്തിന്റെ മഹാനായ ആദ്ധ്യാത്മിക ആചാര്യനും സാമൂഹ്യ പരിഷ്‌കർത്താവും കവിയുമായ ശ്രീനാരായണ ഗുരുവിന്റെ പുണ്യ ചിന്തകളാണ് എന്ന് പറഞ്ഞുകൊണ്ടാണ് രാഷ്‌ട്രപതി 'ജാതിഭേദം മതദ്വേഷം...' എന്ന് തുടങ്ങുന്ന സൂക്തം ഉദ്ധരിച്ചത്. തുടർന്ന്, ജാതി മത വിവേചനങ്ങളില്ലാതെ ജനങ്ങൾ സാഹോദര്യത്തോടെ ജീവിക്കുന്ന മാതൃകാ സ്ഥലമാണിത് എന്ന് അതിന്റെ അ‌ർത്ഥവും അദ്ദേഹം വിശദീകരിച്ചു.

മേയ് 30ന് സത്യപ്രതിജ്ഞ ചെയ്‌തയുടൻ സർക്കാർ പുതിയ ഇന്ത്യയ്‌ക്കായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഈ പുതിയ ഇന്ത്യ രവീന്ദ്രനാഥ ടാഗോർ വിഭാവനം ചെയ്‌ത 'ജനങ്ങൾ മനസ് നിർഭയമായും ശിരസ് സ്വാഭിമാനത്തോടെ ഉയർത്തിപ്പിടിച്ചും' മുന്നേറുന്ന സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിലേക്ക് ഉണരുമെന്ന് 'ഗീതാഞ്ജലി'യിലെ വിഖ്യാതമായ വരികൾ ഉദ്ധരിച്ചു രാഷ്‌ട്രപതി പറഞ്ഞു.

ശ്രീനാരായണ ഗുരുവിനെയും രവീന്ദ്രനാഥ ടാഗോറിനെയും രാഷ്‌ട്രപതിയുടെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത് കേരളത്തിനും ബംഗാളിനും മോദി സർക്കാർ നൽകുന്ന രാഷ്‌ട്രീയ പ്രാധാന്യത്തിന്റെ തെളിവാണ്.

പലപ്പോഴായുള്ള തിരഞ്ഞെടുപ്പുകൾ വികസനത്തിന് തടസമാണെന്നും 'ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്' എന്നത് അനിവാര്യമായ ആശയമാണെന്നും അത് നടപ്പാക്കാൻ എം.പിമാർ മുന്നോട്ടു വരണമെന്നും രാഷ്‌ട്രപതി പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് സർക്കാർ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയെന്ന രാഷ്‌ട്രപതിയുടെ പ്രസ്‌താവനയെ കേന്ദ്ര മന്ത്രിമാരും ബി.ജെ.പി അംഗങ്ങളും നീണ്ട കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

ലോക്‌സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് 78 വനിതാ എം.പിമാർ തിരഞ്ഞെടുക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടിയ രാഷ്‌ട്രപതി, കാർഷിക മേഖലയുടെയും ഗ്രാമങ്ങളുടെയും വികസനത്തിന് സർക്കാർ കൊണ്ടുവന്ന പദ്ധതികളും പരാമർശിച്ചു. ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ -2, ബഹിരാകാശ സഞ്ചാര ദൗത്യമായ ഗഗൻയാൻ പദ്ധതികളെയും പുകഴ്‌ത്തി.